കെഎസ്ആർടിസി സ്റ്റാൻഡിൽ ശോച്യാവസ്ഥ കാത്തിരിപ്പ് കേന്ദ്രത്തിൽ കാത്തിരിക്കുന്നത് ദുരിതം
Mail This Article
തൊടുപുഴ ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഭാഗത്ത് പതിപ്പിച്ച ടൈലുകൾ ഇളകി മാറാൻ തുടങ്ങി. യാത്രക്കാർ സ്റ്റാൻഡിനു പുറത്തേക്കു ഇറങ്ങുന്ന ഭാഗത്താണു ടൈലുകൾ പൊട്ടിയിരിക്കുന്നത്. പുതിയ ഡിപ്പോ ഉദ്ഘാടനം കഴിഞ്ഞു 2 വർഷം പിന്നിടും മുൻപേ ഇതാണ് അവസ്ഥ. മാത്രമല്ല ടൈലുകൾ പൊട്ടിയ ഭാഗത്തിന്റെ താഴെ കൂടിയാണു ശുചിമുറിയുടെ ഭാഗത്തുനിന്നുള്ള അഴുക്കു വെള്ളം ഒഴുകുന്നത്. ഈ വെള്ളം കടന്നുവേണം യാത്രക്കാർക്കു അകത്തേക്കു കയറാൻ.
പതിവായി വെള്ളം ഒഴുകുന്നതിനാൽ ഇവിടെ പായൽ കാരണം തെന്നി വീഴാനും സാധ്യത ഏറെ. ടൈലുകൾ പൊട്ടിയതും അഴുക്കുവെള്ളവും കാരണം യാത്രക്കാർക്കു നേരെചൊവ്വെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. തീർന്നില്ല, മഴ പെയ്താൽ തറയിൽ മിക്കയിടത്തും വെള്ളം കെട്ടിനിൽക്കുന്നതും പതിവാണ്. നിലം നിരപ്പാക്കാത്തതാണ് ഇതിനു കാരണം. നിലവിൽ പൊട്ടിയ ടൈലുകൾ നേരെയാക്കാനും അഴുക്കുവെള്ളം മുന്നിലൂടെ ഒഴുകുന്നതിനും ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.