ADVERTISEMENT

അടിമാലി ∙ വന്യമൃഗശല്യം തടയാൻ സർക്കാർ പ്രഖ്യാപിച്ച സൗരവേലി പദ്ധതിയുടെ നടപടികൾ ഫയലിൽ ഒതുങ്ങുന്നു. കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടോകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര മരിച്ചിട്ട് 9 മാസം പിന്നിടുമ്പോഴും കാഞ്ഞിരവേലി, കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്.

ഇഞ്ചപ്പതാൽ– പാട്ടയിടുമ്പ്, ആകമാനം–കമ്പിലൈൻ എന്നിവിടങ്ങളിൽ സൗരവേലി നിർമിക്കുന്നതിന് 58 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ നടപടികൾ ടെൻഡറിൽ ഒതുങ്ങി. കഴിഞ്ഞ മാർച്ച് 3നാണു കാട്ടുകൊമ്പന്റെ ആക്രമണത്തിൽ ഇന്ദിര മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിന്റെ അടുക്കലേക്കു കാപ്പിയുമായി പോകുമ്പോൾ രാവിലെ എട്ടോടെയാണു കാട്ടുകൊമ്പന്റെ ആക്രമണം ഉണ്ടായത്.

ആനശല്യത്തിനെതിരെ വനം വകുപ്പിന്റെ നിസ്സംഗതയാണു വീട്ടമ്മയുടെ മരണത്തിനു പിന്നിലെന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും ചേർന്നു മൃതദേഹം കോതമംഗലം ടൗണിൽ കിടത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധം നടന്നിരുന്നു.

പ്രതിഷേധം ശമിപ്പിക്കാൻ അന്നു തന്നെ ഇന്ദിരയുടെ വീട് സന്ദർശിച്ച 3 അംഗ മന്ത്രിസംഘം വന്യമൃഗശല്യം തടയാൻ മേഖലയിൽ അടിയന്തരമായി സൗരവേലി നിർമിക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി കാഞ്ഞിരവേലിക്കു സമീപം ആകമാനം മുതൽ കമ്പിലൈൻ വരെയുള്ള 2 കിലോമീറ്റർ ദൂരത്തിനു 19,78,490 രൂപയുടെയും ഇഞ്ചപ്പതാൽ മുതൽ പാട്ടയിടുമ്പ് വരെയുള്ള 6 കിലോമീറ്റർ ദൂരത്തിന് 38,58,642 രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾക്കു വേണ്ടി തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനു കൈമാറുകയായിരുന്നു. എന്നാൽ അനന്തര നടപടികൾ ഇഴയുകയാണ്. 

English Summary:

Solar fence projects are failing to protect communities. The government's delayed implementation leaves vulnerable populations at risk from frequent and severe elephant attacks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com