തങ്കമണിയിൽ വൻ തീപിടിത്തം, തീഗോളമായി പലചരക്കുകട; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി
Mail This Article
ചെറുതോണി ∙തങ്കമണി ടൗണിൽ ഇന്നലെ പുലർച്ചെ വൻ തീപിടിത്തം. കല്ലുവിളപുത്തൻവീട്ടിൽ വർഗീസിന്റെ (ജോയി കോശി) ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് രാവിലെ 5.30 നാണ് തീ ഉയർന്നത്. നിമിഷനേരം കൊണ്ട് ആളിപ്പടർന്ന തീയിൽ കോശിയുടെ കട പൂർണമായും കത്തി നശിച്ചു. 40 ലക്ഷം രൂപയുടെ നഷ്ടമെന്നു നിഗമനം. സമീപത്തുള്ള കടകൾക്കു നേരിയ നാശനഷ്ടങ്ങളുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. പൂർണമായും തടികൊണ്ടു നിർമിച്ച ഓടുമേഞ്ഞ കെട്ടിടത്തിൽ പലചരക്ക്, പച്ചക്കറി, ഇരുമ്പു സാധനങ്ങൾ, പ്ലാസ്റ്റിക് പടുത, ഉണക്കമീൻ ഉൾപ്പെടെ എല്ലാ സാധനങ്ങളും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നു. തീ പടർന്ന് നിമിഷനേരം കൊണ്ടു തന്നെ കട തീഗോളമായി മാറിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കടയുടെ ഒരു ഭാഗത്ത് പന്ത്രണ്ടിലേറെ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിച്ചു. സിലണ്ടറുകൾക്കും, എണ്ണ ടിന്നുകൾക്കും പ്ലാസ്റ്റിക് പടുതകൾക്കും തീപിടിച്ചതോടെ ആളുകൾക്ക് പ്രദേശത്തേക്ക് അടുക്കാൻ കഴിയാതായി. സിലിണ്ടറുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടകളുടെ ജനൽ ചില്ലുകൾ, ഷട്ടറുകൾ, ഭിത്തി, ബോർഡുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ മറ്റു കെട്ടിടങ്ങളിലേക്കു തീ പടരാതിരിക്കാൻ നാട്ടുകാരും രക്ഷാപ്രവർത്തകരും ജാഗ്രത കാണിച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല.
അപകടമുണ്ടായ സ്ഥാപനത്തോടു ചേർന്ന് കാഞ്ഞിരന്താനം അച്ചൻകുഞ്ഞിന്റെ സ്റ്റേഷനറി കടയും, കാളവയലിൽ റോയിയുടെ വസ്ത്ര വ്യാപാര ശാലയുമാണ് ഉണ്ടായിരുന്നത്. ഇതിനു തീ പിടിച്ചിരുന്നെങ്കിൽ ടൗണിന്റെ ഒരു ഭാഗം പൂർണമായും കത്തി നശിക്കുമായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.ഇതിനിടെ കെട്ടിടത്തിനു സമീപത്തു കൂടി പോകുന്ന വൈദ്യുതി കമ്പി പൊട്ടി വീണത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. നാട്ടുകാർ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് ലൈൻ ഓഫ് ചെയ്തതിനാൽ മറ്റ് അപടകങ്ങളുണ്ടായില്ല. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ചെറുതോണിയിൽ നിന്നും കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.