അച്ഛനെ തേടിയിറങ്ങി; ചലനമറ്റ നിലയിൽ കണ്ടെത്തി: ആഘാതത്തിൽ നിന്ന് മുക്തനാകാതെ മകൻ
Mail This Article
കട്ടപ്പന ∙ വ്യാപാരിയുടെ മരണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഉയർന്നതു വൻ പ്രതിഷേധം. മരണത്തിന് ഉത്തരവാദികളായ കട്ടപ്പന റൂറൽ ഡവലപ്െമന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വൻ പ്രതിഷേധമാണ് ഉയർന്നത്. മൃതദേഹം കൊണ്ടുപോകുന്നതും തടഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി, കോൺഗ്രസ്, ബിജെപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് അഞ്ചുവരെ നഗരത്തിലെ കടകൾ അടച്ചിട്ട് ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധ തീവ്രത വർധിച്ചു.
പൊലീസുമായി മൂന്നുതവണ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മൃതദേഹം വിട്ടുനൽകാൻ തയാറായത്. രാവിലെ ഏഴോടെ മൃതദേഹം കാണുകയും ബാങ്ക് ജീവനക്കാർക്ക് എതിരായ ആത്മഹത്യക്കുറിപ്പു പുറത്തുവരികയും ചെയ്തതോടെയാണു പ്രതിഷേധം കനത്തത്. ബിജെപിയും കോൺഗ്രസും വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായി സൊസൈറ്റിക്കു മുൻപിലെത്തി.പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചെങ്കിലും ആർഡിഒ സ്ഥലത്തെത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വിവരമറിഞ്ഞ് പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി.
തീരുമാനമാകാതെ വന്നതോടെ കോൺഗ്രസ് പ്രവർത്തകർ സൊസൈറ്റിക്കു മുൻപിൽ സ്ഥാപിച്ചിരുന്ന രണ്ടുബോർഡുകൾ നശിപ്പിച്ചു. കട്ടപ്പന-പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ ടൗണിലെ റോഡ് ഉപരോധിച്ചു. പൊലീസുമായി രണ്ടാം തവണ നടത്തിയ ചർച്ചയും ഫലം കാണാതെ വന്നതോടെ പ്രതിഷേധ യോഗം ആരംഭിച്ചു. സൊസൈറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്നും അതെല്ലാം അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വീണ്ടും ചർച്ച നടത്തിയതോടെയാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകാൻ പ്രതിഷേധക്കാർ അനുവദിച്ചത്. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുൻപിൽ സമരം നടത്തുമെന്നു പ്രതിഷേധക്കാർ മുന്നറിയിപ്പു നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
ഞെട്ടലിൽ നാട്ടുകാർ
കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാത്ത സാബു മരിച്ചതിന്റെ ഞെട്ടലിലാണു നാട്ടുകാർ. മുൻപു മധ്യപ്രദേശിൽ ജോലി ചെയ്തിരുന്ന സാബു ഏതാനും വർഷം ഓസ്ട്രേലിയയിലും ജോലി ചെയ്തിരുന്നു. തുടർന്ന് നാട്ടിലെത്തിയാണ് പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ ആരംഭിച്ചത്. ഇതിനു പിന്നിലെ കെട്ടിടത്തിലാണ് കുടുംബം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. പാറക്കടവിലുള്ള വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്. കഞ്ഞിക്കുഴിയിലുള്ള വീട് വിറ്റശേഷം വെള്ളയാംകുടിയിൽ വീട് വാങ്ങിയിരുന്നു.സൊസൈറ്റിയിൽ 90 ലക്ഷം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്. പലിശ കൃത്യമായി ലഭിക്കാതെ വന്നപ്പോൾ കുറച്ച് പണം പിൻവലിച്ചിരുന്നു. അവശേഷിക്കുന്ന തുക നിശ്ചിത തവണയായി നൽകാനും ധാരണയായിരുന്നെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അതു മുടങ്ങുന്ന സ്ഥിതിയുണ്ടാകുകയും ആശുപത്രി ആവശ്യത്തിനുപോലും പണം നൽകാതെ അപമാനിച്ച് ഇറക്കിവിടുകയും ചെയ്തതാണു മരണത്തിലേക്കു നയിച്ചതെന്നാണു സൂചന.
അച്ഛനെ തേടിയിറങ്ങി; ചലനമറ്റ നിലയിൽ കണ്ടെത്തി
അപ്രതീക്ഷിതമായി അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിൽ നിന്ന് മുക്തനാകാതെ സാബുവിന്റെ മകൻ പ്ലസ് ടു വിദ്യാർഥിയായ അഭിൻ. ശസ്ത്രക്രിയയ്ക്കായി അമ്മ മേരിക്കുട്ടി തൊടുപുഴയിലെ ആശുപത്രിയിലായിരുന്നതിനാൽ മൂത്തമകൻ അലൻ അവിടെയായിരുന്നു. സാബുവും മാതാപിതാക്കളായ തോമസും ത്രേസ്യക്കുട്ടിയും അഭിനുമാണ് പള്ളിക്കവലയിലെ വീട്ടിൽ ഉണ്ടായിരുന്നത്. പുലർച്ചെ സാബുവിനെ വീട്ടിൽ നിന്നു കാണാതായതോടെ അമ്മയെ വിളിച്ച് അഭിൻ ഇക്കാര്യം അറിയിച്ചു. ഷട്ടിൽ കളിക്കാൻ സാബു പോകാറുള്ളതിനാൽ അവിടെ അന്വേഷിച്ചെങ്കിലും കണ്ടില്ല.
പലയിടങ്ങളിൽ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച റൂറൽ ഡവലപ്െമന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുമായി തർക്കമുണ്ടായത് അഭിന് ഓർമവന്നത്. അവിടെ കാണുമോയെന്നു സംശയിച്ച് മാർക്കറ്റിന് എതിർവശത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സൊസൈറ്റി പ്രവർത്തിക്കുന്നിടത്തെത്തി. രണ്ടാം നിലയുടെ കൈവരിയിൽ നിന്ന് സൊസൈറ്റിയുടെ മുൻഭാഗത്തേയ്ക്ക് തൂങ്ങി നിൽക്കുന്ന പിതാവിനെയാണ് അഭിൻ കണ്ടത്. അപ്രതീക്ഷിതമായ കാഴ്ചകണ്ട് നിലവിളിച്ചുകൊണ്ട് ഓടിയെത്തി പിതാവിനെ ഉയർത്തിനിർത്തി. ബഹളംകേട്ട് എത്തിയവർ ചേർന്നു കയർ അറുത്തു നിലത്ത് ഇറക്കിയെങ്കിലും മരിച്ചിരുന്നു. അച്ഛൻ എഴുതിയിരുന്ന ആത്മഹത്യാക്കുറിപ്പും അഭിനാണ് ലഭിച്ചത്.
ഭാര്യയുടെ ചികിത്സയ്ക്ക് പണം കൊടുക്കാതെ അപമാനിച്ചെന്ന് ആരോപണം
കട്ടപ്പന ∙ സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്ന പണം ഭാര്യ മേരിക്കുട്ടിയുടെ ചികിത്സയ്ക്കായി തിരികെ ആവശ്യപ്പെട്ടപ്പോൾ അധികൃതർ അപമാനിച്ച് ഇറക്കിവിട്ടെന്നു വ്യക്തമാക്കിയുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ നടത്തുന്ന മുളങ്ങാശേരിൽ സാബു തോമസ് (56) ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ മകനാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടതു ഭരണസമിതിക്കു കീഴിലാണ് സൊസൈറ്റി.
മധ്യപ്രദേശിലും ഓസ്‌ട്രേലിയയിലും ജോലി ചെയ്തിരുന്ന സാബു ഒന്നര പതിറ്റാണ്ട് മുൻപാണു മടങ്ങിയെത്തി കച്ചവട സ്ഥാപനം ആരംഭിച്ചത്. വാടകയ്ക്കായിരുന്നു താമസം. പാറക്കടവിലും വെള്ളയാംകുടിയിലും സ്വത്തുക്കളുള്ള ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. 90 ലക്ഷം രൂപയാണു സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നതെന്നും ഇതിൽ കുറച്ചുതുക പിൻവലിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
പലിശ കൃത്യമായി തിരികെ ലഭിക്കാതെ വന്നതോടെ ബാക്കിത്തുകയും തിരികെ ആവശ്യപ്പെട്ടെങ്കിലും ഗഡുക്കളായി നൽകാമെന്ന നിലപാടിലായിരുന്നു അധികൃതർ. ഇതിനിടെ ചികിത്സയ്ക്കായി ഭാര്യയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിൽ അടയ്ക്കാനായി രണ്ടുലക്ഷം രൂപയോളം തിരികെ ആവശ്യപ്പെട്ടാണ് ഇദ്ദേഹം സൊസൈറ്റിയിൽ എത്തിയതെന്നാണു വിവരം. എന്നാൽ സെക്രട്ടറിയും 2 ജീവനക്കാരും മോശമായി പെരുമാറുകയും അസഭ്യം പറഞ്ഞ് തള്ളി പുറത്താക്കുകയും ചെയ്‌തെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.