വിപണിയിൽ ക്രിസ്മസ് വൈബ്
Mail This Article
തൊടുപുഴ ∙ എവിടെ നോക്കിയാലും ക്രിസ്മസ് ഒരുക്കം, ആഘോഷങ്ങളുടെ വർണക്കാഴ്ചകൾ... തിരുപ്പിറവിക്കു ദിവസങ്ങൾ മാത്രം ശേഷിക്കെ നാടും നഗരവും ക്രിസ്മസ് ആഘോഷമാക്കാനുള്ള തിരക്കിലാണ്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ കൂടി അടച്ചതോടെ വിപണിയിൽ ഉൾപ്പെടെ തിരക്കേറി. ഡിസംബറിന്റെ തുടക്കത്തിൽത്തന്നെ ക്രിസ്മസ് വിപണി സജീവമായിരുന്നു. പല നിറങ്ങളിലുള്ള നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, പുൽക്കൂട്, സാന്താക്ലോസ്, അലങ്കാര ബൾബുകൾ എല്ലാം റെഡി. മുൻവർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളൊന്നും വിപണിയിൽ കാണാനില്ല. എങ്കിലും കളറാണ് ക്രിസ്മസ് വിപണി.
എങ്ങും നക്ഷത്രത്തിളക്കം
ക്രിസ്മസ് വിപണിയിൽ എപ്പോഴും ട്രെൻഡായി നിൽക്കുന്നത് നക്ഷത്രങ്ങൾ തന്നെയാണ്. മാലകളായുള്ള ബൾബുകൾക്ക് നടുവിൽ മിന്നുന്ന ചെറിയ നക്ഷത്രങ്ങൾ തുടങ്ങി പല രീതിയിലുള്ള നിയോൺ സ്റ്റാറുകളും വാൽനക്ഷത്രങ്ങളുമൊക്കെ വിപണിയിലുണ്ട്. ഇതൊക്കെ തന്നെയാണെങ്കിലും കടലാസ് നക്ഷത്രങ്ങളുടെ തട്ട് താഴെ തന്നെയാണ്. അവയ്ക്കുള്ള ആരാധകർ ഒട്ടും കുറഞ്ഞിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. 50 രൂപ മുതൽ കടലാസ് നക്ഷത്രങ്ങൾ ലഭ്യമാണ്. 120 രൂപ മുതൽ എൽഇഡി നക്ഷത്രവിളക്കുകൾ വിപണിയിലുണ്ട്.
വസ്ത്രവിപണിയിൽ പ്രിയം ചുവപ്പും വെള്ളയും
ക്രിസ്മസ് ആഘോഷ നാളുകളിലേക്കു കടന്നാൽ കേക്കിനൊപ്പം കുതിക്കും വസ്ത്രവിപണിയും. ആവശ്യക്കാരേറെയും ചുവപ്പും വെള്ളയും തേടി വരുന്നവരാണ്. എന്തുകൊണ്ടോ എല്ലാവർക്കും ഇൗ രണ്ടു നിറങ്ങളോടാണ് ഡിസംബറിൽ പ്രിയമേറെ. ഈ നിറങ്ങളിലുള്ള തുണിത്തരങ്ങളാണ് ഇപ്പോൾ കടകൾക്കു മോടി കൂട്ടുന്നത്. അതിനൊപ്പം പ്രത്യേകസ്ഥാനം സാന്താക്ലോസിനുമുണ്ട്. രണ്ടുമാസം പ്രായമായ കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെയുള്ള സാന്താവേഷങ്ങൾ വിപണിയിലുണ്ട്.
കേക്കിന്റെ നാളുകൾ
ക്രിസ്മസ്, പുതുവത്സര കാലം കേക്കിന്റെ നാളുകളാണ്. ക്രിസ്മസ് കേക്ക് വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പല ബേക്കറികളിലും കേക്ക് മേളകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ പരീക്ഷണങ്ങളുമായി ക്രിസ്മസ് കേക്കുകളും വിപണി കീഴടക്കുമ്പോൾ എന്നും താരം പ്ലം തന്നെയാണ്. അതിൽത്തന്നെ ഷുഗർലെസ് കേക്കും ലഭ്യമാണ്. കാരറ്റ് – ഈന്തപ്പഴം കേക്ക്, വനില കേക്ക്, ചോക്ലേറ്റ് കേക്ക് തുടങ്ങിയവയൊക്കെ ആഴ്ചകൾക്കു മുൻപു തന്നെ വിപണിയിൽ ഇടംപിടിച്ചിരുന്നു.