തൂക്കുപാലത്തെ ശുചിമുറി സമുച്ചയത്തിന് ഇരുട്ടടിയായി കെഎസ്ഇബി നടപടി
Mail This Article
കട്ടപ്പന∙ ഏറെ പ്രതിസന്ധികൾക്കൊടുവിൽ അയ്യപ്പൻകോവിൽ തൂക്കുപാലത്ത് നിർമിച്ച ശുചിമുറി സമുച്ചയത്തിന് വൈദ്യുതി കണക്‌ഷൻ നൽകുന്നതു തടഞ്ഞ് കെഎസ്ഇബി. കലക്ടറുടെ പ്രത്യേക അനുമതിയോടെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പണിത സമുച്ചയത്തിനെതിരെയാണ് കെഎസ്ഇബിയുടെ നടപടി. സമുച്ചയ നിർമാണം പൂർണമായ സാഹചര്യത്തിൽ വൈദ്യുതി കണക്‌ഷൻ നൽകാൻ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ നിന്ന് നടപടി കൈക്കൊള്ളരുതെന്നു വ്യക്തമാക്കിയാണ് പീരുമേട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് റിസർച് ആൻഡ് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ നിർദേശം നൽകിയത്. ഇതോടെ വൈദ്യുതിയും വെള്ളവും ക്രമീകരിക്കാനാവാതെ കെട്ടിടം വെറുതേ കിടന്നു നശിക്കുന്ന സ്ഥിതിയാണ്.2023 ഒക്ടോബറിലാണ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
ശുചിത്വമിഷനിൽ നിന്നും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപ വീതം വകയിരുത്തിയാണ് ശുചിമുറി നിർമിച്ചത്. തൂക്കുപാലം മേഖലയിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിൽ ശുചിമുറി നിർമിക്കണമെന്ന വർഷങ്ങളുടെ ആവശ്യത്തിനൊടുവിലായിരുന്നു നടപടി. തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവർക്കും പുരാതനമായ അയ്യപ്പൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിൽ എത്തുന്നവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് സമുച്ചയം നിർമിച്ചത്.ഇടുക്കി ജലസംഭരണി പരിധിക്കുള്ളിൽ തൂക്കുപാലത്തിനടുത്ത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ശുചിമുറിയും അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നത് റിസർച് ആൻഡ് ഡാം സുരക്ഷാ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് 2023 നവംബറിൽ സ്ഥലപരിശോധന നടത്തി ബോധ്യപ്പെട്ടിരുന്നെന്ന് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
ഇതെത്തുടർന്ന് നിർമാണം നിർത്തിവയ്ക്കാൻ ഉപ്പുതറ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജലസംഭരണിയുടെ പരമാവധി ജലനിരപ്പിനുള്ളിൽ യാതൊരു ഭൂമി കയ്യേറ്റവും നിർമാണവും കൃഷിയും അനുവദനീയമില്ലാത്തതിനാൽ ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണം കെഎസ്ഇബിയുടെ അനുമതിയില്ലാതെയാണ്. ശുദ്ധജല സ്രോതസ്സ് കൂടിയായ ജലാശയത്തിലേക്ക് ശുചിമുറി മാലിന്യവും സെപ്റ്റിക് ടാങ്കുകളിൽ നിന്നു പുറത്തേക്ക് ഒഴുക്കുന്ന മലിനജലവും ഇടകലരാൻ സാധ്യതയുള്ള വിധമാണ് നിർമാണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും നിർമാണം നിർത്താൻ നടപടിയുണ്ടായില്ല.
ഈ സാഹചര്യത്തിൽ വൈദ്യുതി കണക്‌ഷൻ നൽകരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.മുൻപ് സ്വകാര്യ വ്യക്തിയുടെ കൈവശഭൂമിയിൽ ശുചിമുറി സമുച്ചയം നിർമിക്കാനായി അടിത്തറ പണിത് തുടർ നടപടികൾ നടക്കുന്നതിനിടെ ഡാം സുരക്ഷാ അതോറിറ്റി തടസ്സവുമായി എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിർദേശം അനുസരിച്ചാണ് കരാറുകാരൻ അന്നു പണികൾ നിർത്തിയത്. ഇതിനൊടുവിൽ കലക്ടറുടെ പ്രത്യേക അനുമതി ലഭ്യമാക്കി കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള മൂന്നുസെന്റ് സ്ഥലത്ത് നിർമിച്ച സമുച്ചയത്തിനെതിരെയാണ് അധികൃതരുടെ നടപടി.