ഒരു സങ്കീർത്തനം പോലെ ക്രിസ്മസ് വരവായി
Mail This Article
തൊടുപുഴ ∙ക്രിസ്മസ് കാഴ്ചകൾളുടെ ഭംഗി രാത്രിയിൽ മാത്രമല്ല, പകൽ നഗത്തിലൂടെ വെറുതേ ഒന്നു നടന്നു നോക്കൂ, കാണാം വർണക്കാഴ്ചകളുടെ പകൽപൂരം. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, തോരണങ്ങൾ, പൂൽക്കൂട്, സാന്താക്ലോസ് എന്നിവ ആഘോഷങ്ങളുടെ വർണക്കാഴ്ച ഒരുക്കുന്ന തിരിപ്പിറവിക്കു ഇനി മണിക്കൂറുൾ മാത്രം ശേഷിക്കെ വിപണികൾക്കൊപ്പം നാടും നഗരവും തിരക്കിലാണ്. നാളെ ക്രിസ്മസ് കേമമാക്കാൻ.വിപണിയിൽ ഇപ്പോഴും ട്രെൻഡിങ് നക്ഷത്രങ്ങൾ തന്നെയെന്ന്. മാലകളായുള്ള ബൾബുകൾക്ക് ഇടയിൽ മിന്നുന്ന ചെറിയ നക്ഷത്രങ്ങൾ തുടങ്ങി പല രീതിയിലുള്ള നിയോൺ സ്റ്റാറുകളും വാൽനക്ഷത്രങ്ങളുമാണ് ഇത്തവണത്തെ കേമന്മാർ.എന്നാൽ, ആരൊക്കെ വന്നാലും കടലാസ് നക്ഷത്രങ്ങളുടെ തട്ട് താഴുന്നുതന്നെ. ഇവയുടെ ആരാധകർക്ക് ഒട്ടും കുറവു വന്നിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. 50 മുതൽ 700 രൂപ വരെയാണു കടലാസ് നക്ഷത്രങ്ങളുടെ വില. 120 മുതൽ 4000 രൂപ വരെയുള്ള എൽഇഡി സ്റ്റാറുകളും വിപണിയിലുണ്ട്. ചെറുതാണെങ്കിലും ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള കുഞ്ഞൻ നക്ഷത്രങ്ങളും ഒട്ടും പിറകിലല്ല.
ഏതു രീതിയിൽ പൂൽക്കൂട് സെറ്റ് ചെയ്യണോ അതും റെഡിയാണ്. മെറ്റൽ, ഫൈബർ, പ്ലാസ്റ്റിക് തുടങ്ങി പുൽക്കൂടിന്റെ കമനീയ ശേഖരം തന്നെയുണ്ട്. ഒപ്പം ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ വിപണിയുടെ മോടികൂട്ടുന്നു. അതിനൊപ്പം പ്രത്യേക സ്ഥാനം സാന്താക്ലോസിനുമുണ്ട്. രണ്ടു മാസം പ്രായമായ കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെയുള്ള സാന്താ വേഷങ്ങൾ വിപണിയിൽ പൊടിപൊടിക്കുകയാണ്. വിവിധ പരീക്ഷണങ്ങളുമായി ക്രിസ്മസ് കേക്കുകളും വിപണി കീഴടക്കുമ്പോൾ എന്നും താരം പ്ലം കേക്ക് തന്നെ. ക്രിസ്മസ് മൂഡിനായി ക്രീം കേക്കുകളിൽ ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും തകൃതിയാണ്. നഗരത്തിലെ ക്രിസ്മസ് വിപണികളിൽ രാവിലെ തുടങ്ങുന്ന തിരക്ക് രാത്രി വരെയും നീളും.
ബീഫ്, പാലപ്പം, മട്ടൻ...വായിൽ കപ്പലോടിക്കാൻ ക്രിസ്മസ്
ക്രിസ്മസ് പടിവാതിൽക്കൽ എത്തിയതോടെ ഭക്ഷണ വിഭവങ്ങളും റെഡി. പുൽക്കൂടും നക്ഷത്രവും പടക്കവും വെറൈറ്റി ആക്കുന്നവർ ഇത്തവണ ഭക്ഷണത്തിലും വെറൈറ്റി വരുത്താനുള്ള ശ്രമത്തിലാണ്. വീടുകൾക്ക് പുറമേ ഹോട്ടലുകളും കേറ്ററിങ് കേന്ദ്രങ്ങളും ഓർഡർ എടുത്തു തുടങ്ങി. പാലപ്പത്തിനു പുറമേ പാൽക്കപ്പ, ബീഫ് റിബ്, ഉച്ചയ്ക്ക് മട്ടൻ മന്തി, മലബാറി ബിരിയാണി, താറാവ് റോസ്റ്റ്, വൈകിട്ട് ഗ്രിൽ ഫിഷ്, ചിക്കൻ ഷവായ് എന്നീ ഇനങ്ങൾക്ക് കൂടുതൽ ഓർഡർ ഇത്തവണ ലഭിക്കുന്നതായി ഇവർ പറയുന്നു.ഫുഡ് ട്രെൻഡുകൾ എങ്ങനെയൊക്കെ മാറി മറിഞ്ഞാലും ഒരിളക്കവും തട്ടാതെ നിൽക്കുന്നതു പാലപ്പവും മട്ടൻ സ്റ്റൂവും തന്നെ. ചിക്കന്റെ വിവിധ വെറൈറ്റികളോടും ആളുകൾക്ക് ഏറെ പ്രിയമുണ്ട്. ഒരാൾക്കുള്ള ഭക്ഷണത്തിനു 250 മുതൽ മുകളിലേക്കാണ് വില. ആവശ്യപ്പെടുന്ന ഭക്ഷണയിനത്തെ അടിസ്ഥാനമാക്കി 1000 രൂപ വരെ വില ഉയരാം. ഗ്രിൽഡ് ഐറ്റങ്ങൾ ഫിഷ് വെറൈറ്റികൾ, ബിരിയാണി എന്നിവയ്ക്കും ഏറെ ആവശ്യക്കാരുണ്ട്.