14 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ; നിക്ഷേപം തിരികെ നൽകാതെ ബാങ്കുകൾ
Mail This Article
രാജകുമാരി∙ 2017 മുതൽ 2022 വരെ ജില്ലയിലെ 14 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി സഹകരണ വകുപ്പ്. എന്നാൽ നിലവിൽ വ്യാപക ക്രമക്കേടുകളെ തുടർന്ന് അന്വേഷണം നടത്തുന്ന ബാങ്കുകൾ ഈ പട്ടികയിൽ ഇല്ല. ക്രമപ്രകാരം കൂടാതെ വായ്പ നൽകൽ, വ്യാജ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക, ക്ലാസിഫിക്കേഷൻ അനുസരിച്ചല്ലാതെ നിയമനം നടത്തുക, സ്ഥിര നിക്ഷേപങ്ങളുടെ പലിശ നൽകിയതിലുള്ള വ്യത്യാസം, സ്വർണ വായ്പയിൽ ക്രമക്കേടുകൾ, നീതി മെഡിക്കൽ സ്റ്റോറുകളിലെ സ്റ്റോക്ക് വ്യത്യാസം, എംഡിഎസിന് ഇൗടില്ലാതെ തുക നൽകൽ, ആസ്തികൾ ക്രമവിരുദ്ധമായി ലേലം ചെയ്ത് നഷ്ടം വരുത്തുക എന്നിവ സഹകരണ ബാങ്കുകളിലെ സ്ഥിരം ക്രമക്കേടുകളാണെന്നു സഹകരണ വകുപ്പു വ്യക്തമാക്കുന്നു.
ഇതു കൂടാതെ ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള വസ്തുവിന്റെ ഇൗടിന്മേൽ വായ്പ നൽകുക, അനുമതിയില്ലാതെ പാെതുഫണ്ട് വിനിയോഗം, സർക്കാർ ധനസഹായത്തിന്റെ ദുർവിനിയോഗം, പരിധിയിൽ കൂടുതൽ വായ്പ നൽകുക, സർക്കുലറുകൾക്കു വിരുദ്ധമായി വായ്പകളിൽ ഇളവനുവദിക്കുക തുടങ്ങിയ ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപം തിരികെ നൽകാതെ ബാങ്കുകൾ
നഷ്ടത്തിലാകുന്ന ബാങ്കുകളിൽ നിന്നു നിക്ഷേപകർക്കു പണം തിരികെ നൽകാൻ കഴിയാത്തതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. സിപിഎം ഭരിക്കുന്ന കട്ടപ്പന റൂറൽ ഡവലപ്മെന്റ് സാെസൈറ്റിയിൽ പണം നിക്ഷേപിച്ച സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ടി വന്നതിന്റെ പ്രധാന കാരണവും ഇതാണ്.
കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയാത്തതിനെ തുടർന്നു കോൺഗ്രസ് ഭരിക്കുന്ന നെടുങ്കണ്ടം ഡീലേഴ്സ് സഹകരണ ബാങ്കിനെതിരെയും നിക്ഷേപകർ സമരം നടത്തിയിരുന്നു. കേരള ബാങ്കിൽ ആസ്തി ഇൗടു നൽകി കോടിക്കണക്കിനു രൂപ വായ്പയെടുത്താണ് ജില്ലയിലെ നഷ്ടത്തിലായ 8 സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്.
എന്തുകൊണ്ട് ബാങ്കുകൾ നഷ്ടത്തിൽ?
ആസ്തികൾ, നിക്ഷേപങ്ങൾ, ഓഹരികൾ എന്നിവയ്ക്ക് തുല്യമായ ബാങ്ക് വായ്പകളാണ് സഹകരണ ബാങ്കുകളുടെ നിലനിൽപിന് ആധാരം. എന്നാൽ രാഷ്ട്രീയ സ്വാധീനങ്ങൾക്കു വഴങ്ങി പല ബാങ്കുകളും ചട്ട വിരുദ്ധമായും വ്യാജ സ്ഥിര നിക്ഷേപ രസീതുകൾ ഉപയോഗിച്ചും വായ്പ നൽകുന്നുണ്ട്.
വിനോദ സഞ്ചാര കേന്ദ്രമുൾപ്പെടുന്ന തോട്ടം മേഖലയിലെ ഒരു സഹകരണ ബാങ്കിൽ ഒരു സിപിഎം നേതാവ് വ്യാജ പട്ടയം ഇൗടു വച്ച് 2 തവണയായി ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. ഇതേ ബാങ്കിൽ നിന്നും ആവശ്യമായ രേഖകളില്ലാതെ വസ്തു ഇൗടിന്മേൽ 43.45 കോടി രൂപയാണ് വായ്പ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയത്.
ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ച് വരുമാനത്തിൽ നിന്നാണ് ജീവനക്കാർക്കുള്ള ശമ്പളം കണ്ടെത്തേണ്ടത്. എന്നാൽ കടക്കെണിയിലായ ബാങ്കുകൾ പലതും നിക്ഷേപത്തിൽ നിന്നാണു ശമ്പളം നൽകുന്നത്. ഭരണകക്ഷിക്ക് സ്വാധീനമുള്ള ബാങ്കാണെങ്കിൽ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്ന ക്രമക്കേടുകളിൽ അന്വേഷണം നടത്താനോ, നടപടി സ്വീകരിക്കാനോ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.