വടക്കേ ഇന്ത്യയിൽ വിവാഹ സീസൺ, മൂന്നാറിൽ മധുവിധു; ജനുവരി ആദ്യവാരം വരെ തിരക്ക്
Mail This Article
മൂന്നാർ∙ അതിശൈത്യവും ക്രിസ്മസ് പുതുവർഷ അവധിക്കാലവും ആരംഭിച്ചതോടെ മൂന്നാറിൽ ശനിയാഴ്ച മുതൽ വിനോദ സഞ്ചാരികളുടെ വരവു വർധിച്ചു. സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണ്. താമസിക്കാൻ മുറികൾ കിട്ടാത്ത സാഹചര്യവുമുണ്ട്. വടക്കേ ഇന്ത്യയിൽ വിവാഹ സീസണായതിനാൽ മധുവിധു ആഘോഷിക്കാൻ എത്തുന്നവരാണു ക്രിസ്മസ് മുതൽ ജനുവരി ആദ്യവാരം വരെ ഹോട്ടലുകളിൽ മുറി ബുക് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യനിടയിലാണ്. രാത്രിയിലും പുലർച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളുടെ തിരക്കു വർധിച്ചതിനെ തുടർന്നു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, കുണ്ടള, ഫ്ലവർ ഗാർഡൻ, ഇക്കോ പോയിന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ ഗതാഗത കുരുക്ക് ആരംഭിച്ചിട്ടുണ്ട്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പുനർനിർമാണം നടക്കുന്നതിനാൽ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്തു ഗതാഗതക്കുരുക്കു പതിവാണ്.