മാർക്കറ്റ് റോഡിൽ തോന്നുംപടി പാർക്കിങ്
Mail This Article
തൊടുപുഴ ∙ മാർക്കറ്റ് റോഡിൽ ചരക്ക് ഇറക്കാൻ വലിയ ലോറികൾ ഉൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതിനൊപ്പം അപകട സാധ്യതയും വർധിക്കുന്നു. റോഡിന്റെ ഇരുഭാഗത്തും ലോറികൾ ചരക്ക് ഇറക്കാൻ നിർത്തിയിടുന്നതോടെ റോഡിന്റെ വീതി കുറഞ്ഞ് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ രാപകൽ വ്യത്യാസമില്ലാത്ത തിരക്കാണ്. ഒരേ സമയം ആറും ഏഴും വലിയ ലോറികളാണ് നിരയായി നിർത്തിയിടുക.അതേസമയം സ്കൂൾ സമയത്ത് ഇവിടെ പാർക്കിങ് കർശനമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. സ്വകാര്യ ബസുകളും ഇതുവഴി വരുന്നതിനാൽ കുരുക്ക് വീണ്ടും കൂടുന്ന അവസ്ഥയാണ്.
വാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കാൽനടക്കാർ വൻ ദുരിതത്തിലാണ്. ലോറികൾ നടപ്പാതയോടു ചേർന്ന് നിർത്തിയിടുന്നതിനാൽ ഇതിലൂടെ നടക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതിനാൽ കാൽനടക്കാർ റോഡിലിറങ്ങിയാണ് നടക്കുക. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു.ലോറികളുടെ പാർക്കിങ്ങിനു പുറമേ മറ്റു വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നത് വ്യാപകമാണ്. തിരക്കുള്ള സമയത്ത് ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സേവനം ഇവിടെ ഉണ്ടാകാറില്ല. തോന്നിയ പോലെയുള്ള കയറ്റിറക്കിനും അനധികൃത പാർക്കിങ്ങിനും കർശനമായി നിയന്ത്രണം വേണമെന്നാണു ജനങ്ങളുടെ ആവശ്യം.