മൂന്നാർ തണുത്തു വിറയ്ക്കുന്നു, താപനില മൈനസിലെത്തി; സഞ്ചാരികളുടെ വൻ തിരക്ക്
Mail This Article
മൂന്നാർ∙ മൂന്നാറിൽ അതിശൈത്യം, താപനില മൈനസിലെത്തി. ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലാണ് ഇന്നലെ പുലർച്ചെ താപനില മൈനസ് ഡിഗ്രി സെൽഷ്യസിലെത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, നയമക്കാട്, ലാക്കാട് എന്നിവിടങ്ങളിൽ പൂജ്യവും മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയുമായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രി അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.