ADVERTISEMENT

രാജാക്കാട്∙ രാജാക്കാട് ഉണ്ടമല വേട്ടാപറമ്പിൽ സെബാസ്റ്റ്യൻ നിർമിച്ച പുൽക്കൂട് വ്യത്യസ്തത കാെണ്ട് മനോഹരമാകുകയാണ്. യഥാർഥ മനുഷ്യരുടെ വലുപ്പവും ഉയരവുമുള്ള രൂപങ്ങളാണ് ഇൗ പുൽക്കൂടിന്റെ പ്രത്യേകത. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചാണ് സെബാസ്റ്റ്യൻ ഇൗ രൂപങ്ങളെല്ലാം നിർമിച്ചത്. വീടിനു സമീപത്തെ ഷെഡ് കാലിത്താെഴുത്താക്കി മാറ്റി. ഉണ്ണിയേശു, മേരിയും ജോസഫും, കാഴ്ചദ്രവ്യങ്ങളുമായെത്തിയ രാജാവ്, 2 മാലാഖമാർ എന്നിവരാണ് കാലിത്താെഴുത്തിനുള്ളിലുള്ളത്. പുറത്ത് കുതിര, പശു, ഒട്ടകം തുടങ്ങിയ രൂപങ്ങളുമുണ്ട്.  യഥാർഥ മൃഗങ്ങളുടെ വലുപ്പത്തിൽ കോൺക്രീറ്റിലാണ് ഇവ നിർമിച്ചിട്ടുള്ളത്. കാെച്ചി ചേരാനെല്ലൂർ സ്വദേശിയായ സെബാസ്റ്റ്യനും കുടുംബവും 12 വർഷം മുൻപാണ് രാജാക്കാട് ഉണ്ടമലയിലേക്ക് കുടിയേറിയത്.

പനവേലി–ഇടപ്പള്ളി ദേശീയ പാത നിർമാണത്തിനായി ചേരാനല്ലൂരിൽ ഇവരുടെ വീടിരുന്ന സ്ഥലം നഷ്ടപരിഹാരം പോലും നൽകാതെ സർക്കാർ ഏറ്റെടുത്തതോടെയാണ് കരസേനയിലെ മുൻ മെക്കാനിക്കൽ എൻജിനീയർ കൂടിയായ സെബാസ്റ്റ്യൻ ഉണ്ടമലയിൽ 2 ഏക്കർ ഭൂമി വാങ്ങിയത്.  10 വർഷമായി ക്രിസ്മസിന് മുന്നോടിയായി പുൽക്കൂടുകളാെരുക്കുന്ന സെബാസ്റ്റ്യൻ രൂപങ്ങളുടെ ഭാവങ്ങൾ പോലും ഓരോ വർഷവും വ്യത്യസ്തമാക്കിയാണ് നിർമിക്കുന്നത്. സെബാസ്റ്റ്യന്റെ അമ്മ ഹെലനാണ് രൂപങ്ങൾക്കുള്ള വസ്ത്രങ്ങൾ തുന്നുന്നത്.

രൂപങ്ങൾ നിർമിക്കുന്നതിന് മക്കളായ ഏഞ്ചലും ഏഞ്ചലീനയും സെബാസ്റ്റ്യനെ സഹായിക്കും.  പുൽക്കൂട്ടിലെ രൂപങ്ങൾ നിർമിക്കാൻ ഒരു മാസത്തിലധികം സമയമെടുത്തു. കുട്ടിക്കാലത്ത് 9 രൂപയ്ക്ക് കാെച്ചിയിൽ നിന്ന് വാങ്ങിയ പുൽക്കൂട് ഇന്നും നിധി പോലെ സൂക്ഷിക്കുന്ന സെബാസ്റ്റ്യൻ പക്ഷേ ഇപ്പോൾ പുൽക്കൂടാെരുക്കിയതിന്റെ ചെലവ് പറയാനാഗ്രഹിക്കുന്നില്ല. താനും കുടുംബവും ചേർന്നാെരുക്കിയ പുൽക്കൂട് കണ്ട് സ്വയം ആനന്ദിക്കുകയും മറ്റുള്ളവർ ഇത് കാണാനെത്തുന്നതുമാണ് സെബാസ്റ്റ്യന്റെ സംതൃപ്തി.

English Summary:

Life-sized Nativity Scene Captivates Rajakkad: Sebastian's incredible nativity scene in Rajakkad features life-sized figures of the nativity story, created from plaster of Paris and concrete, drawing visitors from far and wide. His meticulous craftsmanship transforms a simple shed into a stunning Christmas display.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com