ADVERTISEMENT

തൊടുപുഴ ∙ മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹര കാഴ്ചകൾ കാണാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ്–പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു. ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ, കഴിഞ്ഞ ശനിയാഴ്ച മുതലാണ് തിരക്കേറിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെപ്പേർ എത്തുന്നുണ്ട്. മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.  ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവ നേരത്തേതന്നെ ഒരുങ്ങിയിരുന്നു.വാഗമണ്ണിൽ മൊട്ടക്കുന്നുകളും അഡ്വഞ്ചർ പാർക്കുമാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

ഗ്ലാസ് ബ്രിജ് കൂടി വന്നതോടെ തിരക്ക് മുൻപത്തെക്കാൾ വലിയതോതിൽ കൂടിയിട്ടുണ്ട്.  മാസങ്ങൾക്കു മുൻപുതന്നെ ഇവിടെ മുറികളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ക്രിസ്മസ്-പുതുവത്സര സീസണിലെ സഞ്ചാരികൾക്കായി തേക്കടിയും സജ്ജം. ഒട്ടുമിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ബുക്കിങ് പൂർത്തീകരിച്ചു. ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമാണ് ഇനി മുറികൾ ലഭ്യമായിട്ടുള്ളത്. എല്ലാ റിസോർട്ടുകളിലും അതിഥികൾക്കായി പുതുവത്സര ആഘോഷങ്ങൾ ഉണ്ടാകും.

മഞ്ഞണിഞ്ഞ് മൂന്നാർ; കുളിർന്ന് സഞ്ചാരികൾ 
മൂന്നാർ ∙ മൂന്നാറിൽ തുടർച്ചയായ മൂന്നാംദിവസവും താപനില പൂജ്യത്തിൽ തുടരുന്നു. തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിൽ അനുഭവപ്പെടുന്നത്. കുണ്ടള, മാട്ടുപ്പെട്ടി, തെന്മല, ചിറ്റുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്നു ദിവസവും താപനില പൂജ്യത്തിൽ തുടരുന്നത്.  ചെണ്ടുവരയിൽ കഴിഞ്ഞദിവസം താപനില മൈനസിലെത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി  മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്ന തണുപ്പാണ് നിലവിലുള്ളത്. മഞ്ഞു വീണു കിടക്കുന്ന കന്നിമല, ചൊക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ പുലർച്ചെ സഞ്ചാരികളെത്തി തണുപ്പ് ആസ്വദിക്കുന്നത് പതിവ് കാഴ്ചയാണ്.  രാജമലയിൽ 20 മുതൽ എല്ലാ ദിവസവും പരമാവധി സന്ദർശകർ (2880) പ്രവേശിക്കുന്നുണ്ട്. മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 4000 പേരും ബോട്ടാണിക്കൽ ഗാർഡനിൽ 6300 പേരും സന്ദർശനം നടത്തി. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വീണ്ടും വർധിക്കുമെന്നാണ് കരുതുന്നത്.

English Summary:

Idukki tourism is booming as tourists flock to its hill stations. The influx of visitors, drawn by the cold weather and festive celebrations, has caused traffic congestion in popular areas like Munnar and Wagamon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com