മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് വൻകുഴികൾ; ഗതാഗതക്കുരുക്കും രൂക്ഷം
Mail This Article
മൂന്നാർ ∙ കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ വൻകുഴികൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ദേശീയപാതയിൽപെട്ട പഴയ മൂന്നാർ ഹൈഡൽ പാർക്കിനു സമീപത്താണ് രണ്ടിടങ്ങളിലായി ഒന്നര വർഷമായി വൻകുഴികൾ രൂപപ്പെട്ടുകിടക്കുന്നത്. ലക്ഷ്മി എസ്റ്റേറ്റിലെ പഴയ മൂന്നാർ ഡിവിഷനിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയിലെ 2 ഭാഗങ്ങളിലാണ് വന്നു പതിക്കുന്നത്.
വർഷത്തിൽ മുഴുവൻ ദിവസവും ഈ ഭാഗത്ത് നീരൊഴുക്ക് പതിവായതിനാൽ ദേശീയപാത അധികൃതർ 10 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തെങ്കിലും ഇവ തകർന്നാണ് കുഴികൾ രൂപപ്പെട്ടത്. ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അറിയാതെയെത്തുന്ന വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപെടുന്നത്.
മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതു കാരണം ഈ ഭാഗത്ത് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. കുഴികൾ അടച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വാഹനമുടമകളും ഒട്ടേറെ പരാതികൾ നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. മൂന്നാറിലേക്ക് എത്തുന്ന മുഴുവൻ സഞ്ചാരികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.