അഭിമുഖം 24ന്, അറിയിപ്പ് കാർഡ് ലഭിച്ചത് 27ന്; ആറ് കിലോമീറ്റർ ദൂരത്തിൽ തപാൽ എത്താൻ എടുത്തത് 8 ദിവസം!
Mail This Article
പീരുമേട് ∙ 24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നുള്ള അറിയിപ്പ് കാർഡ് ഉദ്യോഗാർഥിക്ക് തപാൽ വഴി ലഭിച്ചത് 27ന്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി ചീഫ് പോസ്റ്റ്മാസ്റ്റർക്ക് പരാതി നൽകി. പീരുമേട് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽനിന്ന് 19ന് അയച്ച കത്ത് തനിക്ക് ലഭിച്ചത് 27ന് ആണെന്ന് ചൂണ്ടിക്കാട്ടി ചെറുവള്ളിക്കുളം കുരിശിങ്കൽ സോണിയ ജംയിസാണ് പരാതി നൽകിയിരിക്കുന്നത്.
സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ കന്റീൻ അറ്റൻഡന്റ് തസ്തികയിലെ താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടുന്നതിന് 24ന് രാവിലെ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ടൗൺ എംപ്ലോയ്മെന്റ് ഓഫിസിൽനിന്ന് 19ന് കത്ത് പീരുമേട് പോസ്റ്റ്ഓഫിസ് വഴി അയച്ചു.
23ന് പെരുവന്താനം പോസ്റ്റ്ഓഫിസിൽ നിന്നു മുറിഞ്ഞപുഴ സബ് പോസ്റ്റ്ഓഫിസിലേക്ക് കൈമാറിയതായും സീൽ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ മുറിഞ്ഞപുഴയിൽ കത്ത് കിട്ടിയത് 26ന് മാത്രമാണെന്നാണ് അധികൃതർ അറിയിച്ചതെന്ന് സോണിയ പറഞ്ഞു. പീരുമേട്ടിൽനിന്നു മുറിഞ്ഞപുഴയിലേക്കുള്ള ദൂരം 6 കിലോമീറ്ററാണ്. എന്നാൽ തപാൽ എത്തിയത് 8 ദിവസം കൊണ്ടും!