മാങ്കുളം അപകടം: കുത്തനെയുള്ള കയറ്റത്തിൽ ലോറിയുടെ നിയന്ത്രണം വിട്ടു; വഴിതെറ്റി മരണത്തിലേക്ക്
Mail This Article
അടിമാലി∙ ലക്ഷ്മി - മൂന്നാർ റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാനെത്തിയ വാഹനം വഴി തെറ്റിയതാണ് അസം സ്വദേശിയായ ജയ് ഗോപാൽ മണ്ഡലിന്റെ മരണത്തിൽ കലാശിച്ചത്. കോഴിക്കോട് നിന്നാണ് കരാർ തൊഴിലാളികളായ നാലംഗ സംഘം വെള്ളിയാഴ്ച രാവിലെ മാങ്കുളത്തിനു സമീപം ലക്ഷ്മിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാവിലെ കല്ലാർ - മാങ്കുളം റോഡിലൂടെ വിരിപാറയിൽ എത്തിയപ്പോൾ വഴിതെറ്റി മാങ്കുളം വഴി പെരുമ്പൻകുത്തിൽ എത്തുകയായിരുന്നു.
വഴിതെറ്റിയെന്ന് ബോധ്യപ്പെട്ടതോടെ തിരികെ വിരിപാറയിലേക്ക് വരുംവഴിയാണ് കുത്തനെയുള്ള കയറ്റത്തിൽ വച്ച് ലോറിയുടെ നിയന്ത്രണം വിട്ടു പിന്നിലേക്ക് ഉരുണ്ടത്. ഈ സമയത്ത് ഓടയിൽ കുടുങ്ങിയ കാർ തൊട്ടുപിന്നിൽ നിർത്തിയിരുന്നു. പിന്നോട്ടു പാഞ്ഞ ലോറിയുടെ കാബിനു പുറത്തുനിൽക്കുകയായിരുന്ന ജയ് ഗോപാൽ തെറിച്ച് കാറിന്റെയും ലോറിയുടെയും ഇടയിൽപെട്ടു. ഇതിനിടെ കാർ അപകടത്തിൽപെട്ട വിവരമറിഞ്ഞ് സഹായത്തിനെത്തിയ സമീപവാസിയായ വയോധികൻ വരിക്കയിൽ വർക്കി അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.