‘ആന കാലുകൾക്കിടയിലിട്ട് ചവിട്ടി; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്’
Mail This Article
തൊടുപുഴ ∙ ‘‘ആ ആന വെറുതെവിട്ടതു കൊണ്ടു മാത്രമാണ് ഞാൻ ജീവനോടെയിരിക്കുന്നത്.’’ നേരിട്ട ഭീകര നിമിഷങ്ങളുടെ ഭീതി ഇപ്പോഴും നിഴലിക്കുന്ന മൻസൂറിന്റെ (41) കണ്ണുകൾ അമറിന്റെ പേര് പറഞ്ഞപ്പോൾ നിറഞ്ഞൊഴുകി. വിദേശത്തു നിന്ന് ആഘോഷമാക്കാൻ തീരുമാനിച്ചെത്തിയ അവധിക്കാലം മൻസൂറിന് ഒരിക്കലും മറക്കാനാകാത്ത വേദനക്കാലമായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ പി.ജെ.ജോസഫ് എംഎൽഎ അടക്കമുള്ള നേതാക്കളോട് മൻസൂറിന് ഒരപേക്ഷ മാത്രം, ‘‘എന്നെ നോക്കേണ്ട, അവനു വേണ്ടി എന്തെങ്കിലും ചെയ്യൂ, ആ കുടുംബത്തിന് ഇനി ആരുമില്ല’’
ഇന്നലെ നടന്ന സംഭവം മൻസൂർ വിവരിക്കുന്നത് ഇങ്ങനെ:
‘‘അമറിന്റെ വീടിന്റെ തൊട്ടടുത്താണ് എന്റെ വീട്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടിലെത്തിയ അമർ അവന്റെ പശുവിനെ അഴിക്കാൻ പോയപ്പോൾ കൂടെ വിളിച്ചു. തേക്ക് പ്ലാന്റേഷനിൽ കുറച്ചുള്ളിലേക്ക് കയറിയപ്പോൾ ആനകൾ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. കുറ്റിക്കാടിനിടയിൽ അനങ്ങാതെ നിന്ന ആനകളെ കാണാഞ്ഞതാണ് പ്രശ്നമായത്. രണ്ടാനകളുണ്ടായിരുന്നു.
ഒന്ന് അമറിനെ ആക്രമിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ നിലത്തുവീണ എന്നെ ഒരാന കാലുകൾക്കിടയിലിട്ട് ചവിട്ടി. രണ്ടു കാലിലും ചവിട്ടേറ്റു. എങ്ങനെയോ കുതറിമാറി. എഴുന്നേറ്റ് ഓടാൻ ശ്രമിച്ചപ്പോൾ കാൽ കുത്താനാകാതെ വീണ്ടും വീണു. നിലത്തുകൂടി ഇഴഞ്ഞ് അടുത്തുകണ്ട ഒരു കുറ്റിക്കാട്ടിലേക്ക് കയറി ഒളിച്ചു. ഇത്രയും സമയം ആന അവിടെ തന്നെ നിൽക്കുകയായിരുന്നു. ഒളിച്ച എന്നെ ആനയ്ക്ക് കാണാമായിരുന്നു. വീണ്ടും അത് അടുത്തേക്കു വന്നു. കൊല്ലുമെന്ന് ഉറപ്പായി.
പക്ഷേ ഒരു മിനിറ്റോളം അവിടെ നിന്നിട്ട് ആന പിന്നോട്ടു മാറിപ്പോയി. അമറിന്റെ ശബ്ദം കേൾക്കാതായതോടെ അവന് എന്തോ സംഭവിച്ചെന്ന് ഉറപ്പായിരുന്നു. പക്ഷേ അവൻ എവിടെയാണെന്ന് കണ്ടില്ല. കുറ്റിക്കാട്ടിൽ നിന്ന് ഞാൻ ഒരുവിധം നടന്നും ഇഴഞ്ഞും അലറിക്കരഞ്ഞു കൊണ്ട് കുറെ ദൂരം പോയി. എന്റെ ശബ്ദം കേട്ട് അടുത്തുള്ള പറമ്പിലെ ഒരു ചേച്ചി ഓടിവന്നു. അവരാണ് ആളുകളെ വിളിച്ചുകൂട്ടിയത്. കുറച്ചു പേർ അമറിനെ നോക്കാനായി കയറി. എന്നെ കുറച്ചുപേർ ആശുപത്രിയിലേക്കും കൊണ്ടുവന്നു.’’
വനം മന്ത്രി രാജിവയ്ക്കണം: ഡീൻ കുര്യാക്കോസ്
തൊടുപുഴ ∙ ജനങ്ങളെ വന്യമൃഗങ്ങൾക്ക് കുരുതികൊടുത്ത് നാടു ഭരിക്കാമെന്ന് എൽഡിഎഫ് കരുതേണ്ടതില്ലെന്നും വനംമന്ത്രി രാജിവയ്ക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി. സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായി നിൽക്കുന്ന എ.കെ.ശശീന്ദ്രൻ സ്ഥാനത്ത് തുടരുന്നത് നാടിന് ശാപമായി മാറിയിരിക്കുകയാണ്. രാജി വച്ചില്ലെങ്കിൽ ചവിട്ടി പുറത്താക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മുള്ളരിങ്ങാട് വളരെ നാളുകളായി കാട്ടാന ശല്യമുള്ള പ്രദേശമാണ്. കേരളത്തിൽ കർഷകരെ കുടിയിറക്കി വനവിസ്തൃതി വർധിപ്പിക്കുക എന്നത് സിപിഎം നയമാണ്. അത് ഭംഗിയായി നടത്തിക്കൊടുക്കുക എന്ന ജോലി മാത്രമാണ് എ.കെ.ശശീന്ദ്രൻ ചെയ്യുന്നതെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
ഫെൻസിങ്ങിന്റെയും ട്രഞ്ചിന്റെയും നിർമാണം പൂർത്തിയാക്കണം: പി.ജെ.ജോസഫ്
തൊടുപുഴ ∙ മുള്ളരിങ്ങാട് ജനവാസ മേഖലകളിലേയ്ക്ക് കാട്ടാന ഇറങ്ങുന്നതു തടയാൻ ഫെൻസിങ്ങിന്റെയും ട്രഞ്ചിന്റെയും നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പി.ജെ.ജോസഫ് എംഎൽഎ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന്റെ കുടുംബത്തിന് അടിയന്തര ധനസഹായവും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൻസൂറിന് സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്നും എംഎൽഎ വനം മന്ത്രിയോട് ആവശ്യപ്പെട്ടു.
മുള്ളരിങ്ങാട് ജനവാസ മേഖലകളിൽ കാട്ടാന ശല്യം പതിവാകുന്നതായും ഇക്കാര്യത്തിൽ ശാശ്വത പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിലും പരുക്കേറ്റ മൻസൂറിനെയും സന്ദർശിച്ച ജോസഫ് ജില്ലാ കലക്ടറുമായും സംസാരിച്ചു. വനപ്രദേശത്തോടു ചേർന്നുള്ള ജനവാസ മേഖലകളിൽ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.