അനധികൃത പാർക്കിങ്ങും ഗതാഗത കുരുക്കും സ്വകാര്യ ബസുകൾക്ക് വിനയാകുന്നു
Mail This Article
അടിമാലി ∙ പാതയോരത്തെ അനധികൃത പാർക്കിങ്ങിനെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്കിൽ സ്വകാര്യ ബസുകൾക്ക് സമയ ക്ലിപ്തത പാലിച്ച് റൂട്ടുകളിൽ ഓടി എത്താൻ കഴിയാതെ പാതി വഴിയിൽ ട്രിപ്പുകൾ അവസാനിപ്പിക്കേണ്ടി വരികയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അടിമാലി യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ഇതേ തുടർന്ന് ബസ് സർവീസുകൾ ഭാരിച്ച നഷ്ടത്തിലാകുകയാണ്.
മൂന്നാർ, കോവിലൂർ, മാട്ടുപ്പെട്ടി, കാന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സ്പൈസസ് ഷോപ്പുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പാതയോരം കയ്യടക്കിയുള്ള അനധികൃത പാർക്കിങ്ങിനെ തുടർന്ന് പെർമിറ്റിൽ അനുവദിച്ചു നൽകിയിട്ടുള്ള സമയത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയുന്നില്ല.
ഇതോടൊപ്പം കൂമ്പൻപാറ, ഇരുട്ടുകാനം, ആനച്ചാൽ എന്നിവിടങ്ങളിൽ റോഡിനോടു ചേർന്നുള്ള സിപ് ലൈനുമായി ബന്ധപ്പെട്ടുള്ള അനധികൃത പാർക്കിങ്ങും ബസ് ഗതാഗതം തടസ്സപ്പെടുത്തുകയാണ്. ചോക്ലേറ്റ് ഫാക്ടറി, ഹോട്ടലുകൾ, സ്പൈസസ് ഷോപ്പ് എന്നിവിടങ്ങളിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് പാതയോരമാണ് സ്ഥാപന ഉടമകൾ നൽകുന്നത്.
ഇത്തരം സാഹചര്യത്തിൽ പഞ്ചായത്ത്, പൊലീസ്, വാഹന വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ബസ് ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തി വയ്ക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി.സി.രാജൻ, സെക്രട്ടറി സി.എ നവാസ്, ജോ. സെക്രട്ടറി മെൽബിൻ ജോസ്, ട്രഷറർ ജോഷി പി.ജോൺ എന്നിവർ പറഞ്ഞു.