വേണം നേര്യമംഗലം വനത്തിൽ ഫെൻസിങ്: ഇത് മുള്ളരിങ്ങാടിന്റെ മുഴങ്ങുന്ന ആവശ്യം
Mail This Article
അടിമാലി ∙ നേര്യമംഗലം വനവും ജനവാസ മേഖലയും തമ്മിൽ വേർതിരിക്കാൻ കാഞ്ഞിരവേലിയിൽ 8 കീ.മീ. ദൂരത്തിൽ ഫെൻസിങ് നിർമിച്ചാൽ പെരിയാർ വഴി മുള്ളരിങ്ങാട് മേഖലയിലേക്കുള്ള കാട്ടാനകളുടെ കടന്നു കയറ്റത്തിനു തടയിടാനാകും എന്നാണു വനംവകുപ്പിലെ വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ ഇതിനുള്ള നടപടികൾക്കു വേഗം കുറയുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
കഴിഞ്ഞ മാർച്ച് 3ന് കാഞ്ഞിരവേലി മുണ്ടോക്കണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിരയുടെ മരണത്തെ തുടർന്നു 3 അംഗ മന്ത്രിമാരുടെ സംഘം ഇവരുടെ വീട്ടിലെത്തി ആനശല്യം തടയുന്നതിന് ഉടൻ ഫെൻസിങ് എന്ന പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് ഇഞ്ചപ്പതാൽ– പാട്ടയിടുമ്പ്, ആകമാനം–കമ്പിലൈൻ എന്നിവിടങ്ങളിൽ ഫെൻസിങ് നിർമിക്കുന്നതിനു 58 ലക്ഷം അനുവദിച്ചു.
സർക്കാർ ഏജൻസിയായ തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ജോലികൾ കൈമാറുകയായിരുന്നു. ഇതിന്റെ ഭാഗമായി കാഞ്ഞിരവേലിക്ക് സമീപം ആകമാനം മുതൽ കമ്പിലൈൻ വരെയുള്ള 2 കീ.മീ ദൂരത്തിനു 19,78,490 രൂപയുടെയും ഇഞ്ചപ്പതാൽ മുതൽ പാട്ടയിടുമ്പ് വരെയുള്ള 4 കീ.മീ ദൂരത്തിനു 38,58,642 രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ സ്വീകരിച്ചു.
എന്നാൽ ആകമാനം മുതൽ കമ്പിലൈൻ വരെയുള്ള ദൂരം മാത്രമാണ് കരാർ ഏറ്റെടുക്കൽ നടന്നത്. തൂക്കു ഫെൻസിങ്ങാണ് ഇവിടെ സ്ഥാപിക്കുന്നതിനു എസ്റ്റിമേറ്റ് വിഭാവനം ചെയ്തത്. ഇതിനുള്ള സ്ഥല പരിശോധനയിൽ 60 മരങ്ങൾ മുറിച്ചു നീക്കേണ്ടതുണ്ട്. ഇതിനുവേണ്ടി നേര്യമംഗലം റേഞ്ച് ഓഫിസ് വഴി കോട്ടയം സിസിഎഫിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും നടപടികൾ നീളുന്നു.
6 കീമി ഫെൻസിങ് കൂടാതെ ദേവിയാർ മുതൽ പാട്ടയിടുമ്പ് വരെയുള്ള ദൂരത്തിൽ കൂടി പുതുതായി ഫെൻസിങ് ജോലികൾ നടത്തിയാൽ മാത്രമാണ് കാഞ്ഞിരവേലിയിൽ നിന്നു പെരിയാർ വഴി ആനകൾ നീണ്ടപാറ, ചെമ്പൻകുഴി ഭാഗത്തു കൂടി മുള്ളരിങ്ങാട് ഭാഗത്തേക്കു എത്തുന്നതിന് ഒരു പരിധിവരെ തടയിടാൻ കഴിയുകയുള്ളു എന്നാണ് വിലയിരുത്തൽ. ഇതിനുള്ള നടപടികൾക്ക് വനംവകുപ്പ് വേഗം കൂട്ടണമെന്ന ആവശ്യം ശക്തമാണ്.