‘ആഴ്ചച്ചന്തയുടെ അടഞ്ഞുകിടക്കുന്ന മുറി അടിമാലി വിപണിക്ക് തുറന്നു നൽകണം’
Mail This Article
അടിമാലി ∙ പഞ്ചായത്ത് ഓഫിസ് പരിസരത്ത് അടഞ്ഞു കിടക്കുന്ന ആഴ്ച ചന്തയുടെ മുറി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അടിമാലി വിപണിക്ക് തുറന്നു നൽകണമെന്ന ആവശ്യം ശക്തം. കൃഷിക്കാരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ടെത്തിച്ച് വിൽപന നടത്തുന്നതിനാണ് വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ഓഫിസ് പരിസരത്ത് ആഴ്ച ചന്ത ആരംഭിച്ചത്.
പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ ഒരുമയോടെയുള്ള പ്രവർത്തനത്തെ തുടർന്ന് മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയായി അടിമാലിയിലെ ആഴ്ച ചന്ത മാറുകയായിരുന്നു. ഇതോടനുബന്ധിച്ച് കർഷകർക്ക് ഏറെ പ്രയോജനപ്പെടുംവിധം ഇക്കോ ഷോപ്പും പ്രവർത്തനം ആരംഭിച്ചു. കൃഷിയിടങ്ങളിലേക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങൾ, വിത്തിനങ്ങൾ ഉൾപ്പെടുന്ന സാമഗ്രികൾ മിതമായ വിലയിൽ വിൽപന നടത്തുന്നതിന് ഇക്കോ ഷോപ്പിലൂടെ കഴിഞ്ഞിരുന്നു.
നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന ചന്ത 2 വർഷം മുൻപ് പ്രവർത്തനം നിർത്തിവച്ചു. ചന്ത തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ടു വച്ചെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ കൂട്ടാക്കിയിട്ടില്ല. ഇതോടെ അടുത്ത നാളിൽ കൃഷിക്കാരുടെ കൂട്ടായ്മ കർഷക വിപണിക്ക് രൂപം നൽകി ഞായറാഴ്ച ദിവസങ്ങളിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് കാർഷിക ഉൽപന്നങ്ങൾ എത്തിച്ചു വിൽപന നടത്തി വരികയാണ്.
ഇതിനിടെ രണ്ടാഴ്ച മുൻപ് ഇക്കോ ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആഴ്ച ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ആഴ്ച ചന്ത പ്രവർത്തിച്ചിരുന്ന മുറി പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മ ആരംഭിച്ചിരിക്കുന്ന കർഷക വിപണിക്കു വേണ്ടി ആഴ്ചയിൽ ഒരു ദിവസം വിട്ടു നൽകാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.