വന്യജീവി ആക്രമണം: ഉദ്യോഗസ്ഥതല യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
തൊടുപുഴ∙ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി വനംവകുപ്പ് മേധാവിയുടെയും ഇടുക്കി ജില്ലാ കലക്ടറുടെയും നേതൃത്വത്തിൽ വനം, റവന്യൂ, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വന്യജീവികൾ ജനവാസമേഖലയിൽ നടത്തുന്ന ആക്രമണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എംപി, എംഎൽഎ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ അറിയണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വനംവകുപ്പു മേധാവിയും ജില്ലാ കലക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണം. വനംവകുപ്പ് മേധാവിയും ജില്ലാ കലക്ടറും നിയോഗിക്കുന്ന ഡിഎഫ്ഒയും ആർഡിഒയും ഫെബ്രുവരി 18ന് രാവിലെ 10ന് തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണം. വന്യജീവി ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികൾ അടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
വണ്ണപ്പുറം മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രഹാമിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ആക്രമണത്തിൽ പരുക്കേറ്റ മൻസൂറിന് നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടോയെന്നും പരിശോധിക്കണം. സംഭവത്തിൽ ജില്ലാ കലക്ടർ വിശദമായ അന്വേഷണം നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷന്റെ നടപടി.