ദുരവസ്ഥ: കണ്ടുരസിച്ച് അധികൃതർ; കലിതുള്ളി കാട്ടാന, കർഷകർക്ക് കണ്ണീർ
Mail This Article
പരുക്കേറ്റവർക്ക് സഹായമില്ല
2024ൽ തെന്മല, കന്നിമല എന്നിവിടങ്ങളിലായി രണ്ടു പേരാണു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഫെബ്രുവരി 26ന് രാത്രി കന്നിമല ടോപ് ഡിവിഷനിൽ വച്ചു കൊല്ലപ്പെട്ട, ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സുരേഷ് കുമാറിനൊപ്പം (46) ഉണ്ടായിരുന്നവർക്കു പരുക്കുമേറ്റിരുന്നു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന എസക്കിരാജ്, ഭാര്യ റജീന, മകൾ കുട്ടിപ്രിയ എന്നിവർക്കാണു കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ എസക്കിരാജിന് സംഭവം നടന്ന് ഒരു വർഷമായെങ്കിലും നടക്കാൻ പോലും കഴിയുന്നില്ല.അപകടത്തിൽ പരുക്കേറ്റ ഇവർ മൂന്നു പേർക്കും ഒരു വർഷമായിട്ടും സർക്കാരിൽ നിന്നു ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഉടൻ ലഭിക്കുമെന്ന അറിയിപ്പ് മാത്രമാണു വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
സമാനസ്ഥിതിയാണു സെപ്തംബർ 26നു കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ശുചീകരണ തൊഴിലാളിയായിരുന്ന പി.അളകമ്മയ്ക്കും (58) സംഭവിച്ചത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഇവരുടെ ചികിത്സ ചെലവിനായി വനംവകുപ്പ് ഒരു ലക്ഷം രൂപ മാത്രമാണ് നൽകിയത്. പലിശയ്ക്കും കടം വാങ്ങിയുമാണു ബന്ധുക്കൾ ഇവരുടെ ചികിത്സ നടത്തിയത്. ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ കിടന്നകിടപ്പിലാണിപ്പോഴും അളകമ്മ.
ചിന്നക്കനാലിൽ പ്രഖ്യാപനം മാത്രം
∙ പ്രശ്നം: ചിന്നക്കനാൽ മേഖലയിൽ മാത്രം ഇൗ വർഷം 3 പേരാണ് കാട്ടാനയാക്രമണത്തിൽ കാെല്ലപ്പെട്ടത്. കോടിക്കണക്കിനു രൂപയുടെ കൃഷി നാശവും സംഭവിച്ചു. എന്നാൽ കാട്ടാനയാക്രമണം തടയുന്നതിനായി വനം വകുപ്പും ജില്ലാ ഭരണകൂടവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പല പദ്ധതികളും പേപ്പറിൽ മാത്രമാണിപ്പോഴും.
പ്രഖ്യാപനം: 2 വർഷം മുൻപ് അരിക്കാെമ്പന്റെ ശല്യം രൂക്ഷമായ സമയത്താണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ 5 സ്ഥലങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനം.സ്ഥിതി: പന്തടിക്കളത്ത് മാത്രം 2.8 കിലോമീറ്റർ ഫെൻസിങ് സ്ഥാപിച്ചു. മറ്റുള്ളയിടത്ത് യുഎൻഡിപി സഹായത്തോടെ പദ്ധതി പൂർത്തിയാക്കുന്നതിന് വിദഗ്ധ സംഘത്തിന്റെ പഠനത്തിലൊതുങ്ങി.
∙ പ്രശ്നം: പന്നിയാർ, ബിഎൽ റാം എന്നിവിടങ്ങളിൽ നൂറ് ഏക്കറിലധികം സ്ഥലത്തെ ഏലം കൃഷിയാണ് ഒരു മാസം മുൻപ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തു കാട്ടാനകൾ റോഡിലിറങ്ങി യാത്രക്കാരെയും വാഹനങ്ങളെയും ആക്രമിക്കുന്നതു പതിവാണ്.പ്രഖ്യാപനം: 18 സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് 2 വർഷം മുൻപ് സർക്കാരിന് റിപ്പോർട്ട് നൽകി. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കി.സ്ഥിതി: തുടർ നടപടികളില്ല. മൂലത്തുറയിൽ എംപി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച 2 തെരുവ് വിളക്കുകൾ മാസങ്ങളായി തെളിയുന്നുമില്ല.
കാന്തല്ലൂർ ഒരു പാഠം
മറയൂർ, കാന്തല്ലൂർ പഞ്ചായത്തിൽ രണ്ടു മാസം മുൻപ് വരെ കാട്ടാനശല്യം രൂക്ഷമായിരുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലെ കാട്ടാനകളാണ് പ്രദേശത്ത് ഭീതി വിതച്ചിരുന്നത്. സെപ്റ്റംബറിൽ തെക്കേൽ തോമസിനെ (72) കാട്ടാന ആക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റു. അസുഖം ബാധിച്ച മോഴയാന പ്രദേശത്തെ നാട്ടുകാരെ രാപകൽ ആക്രമിക്കാനോടിച്ചു. റിസോർട്ടുകളിലും കാട്ടാനയെത്തിയിരുന്നു. സഹികെട്ട നാട്ടുകാർ ജനകീയസമിതി രൂപീകരിച്ചതിനു പിന്നാലെയാണു വനംവകുപ്പ് ആനയെ തുരത്താനുള്ള നടപടികളിലേക്കു കടന്നത്.
നിലവിലെ സ്ഥിതി: മഴ പെയ്തു ചിന്നാർ വന്യജീവി സങ്കേതത്തിൽ പച്ചപ്പായതോടെ കാട്ടാനകൾ കാട്ടിൽ തന്നെ തുടരുകയാണ്. വനംവകുപ്പ് എത്രയും വേഗം വേനൽക്കാലത്തും കാട്ടാനകൾക്കു ഭക്ഷണം ഒരുക്കേണ്ട നടപടികളാണു സ്വീകരിക്കേണ്ടതെന്നും ആന സ്ഥിരമായി കാടിറങ്ങുന്ന സ്ഥലത്ത് ഫെൻസിങും ട്രഞ്ചും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കർഷകൻ: കൃഷിനാശമുണ്ടായി സാർ, വനംവകുപ്പ്: അതെന്താ സംഭവം ?
പോയ വർഷം പീരുമേട് താലൂക്കിൽ കാട്ടാനശല്യം മൂലം വ്യാപക കൃഷി നാശമാണുണ്ടായത്. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, പെരുവന്താനം പഞ്ചായത്തുകളിലായി കർഷകരുടെ ലക്ഷണക്കിനു രൂപയുടെ വിളകൾ ആനക്കൂട്ടം തകർത്തു. പ്ലാക്കത്തടം, വള്ളക്കടവ്, കുട്ടിക്കാനം, പീരുമേട്, മേഖലകളിലാണു കൂടുതൽ നഷ്ടം. പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്കു നേരെ ആന പാഞ്ഞടുത്തുവെങ്കിലും കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ദേശീയപാതയിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച ദമ്പതികൾ ആനയെ കണ്ടതിനെ തുടർന്നു ഭയന്നു. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞു മൂന്നു പേർക്കു പരുക്കേറ്റു. സംഭവങ്ങളെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപി 22 ലക്ഷം രൂപ സോളർ വേലി നിർമാണത്തിനായി അനുവദിച്ചിരുന്നു. വനംവകുപ്പ് മറ്റു നടപടികളിലേക്കു കടന്നില്ല.