മുട്ടം ടാക്സി സ്റ്റാൻഡിലെ മുറികൾ തുറന്നുകൊടുക്കാൻ നടപടിയില്ല
Mail This Article
മുട്ടം ∙ കെട്ടിടങ്ങൾ തകൃതിയായി നിർമാണം നടത്തിയെങ്കിലും തുറന്നുകൊടുക്കാൻ നടപടിയില്ല. മുട്ടം ടാക്‌സി സ്റ്റാൻഡിൽ ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 17 ലക്ഷം ഉപയോഗിച്ച് നിർമിച്ച 3 മുറികളും പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മറ്റൊരു 3 മുറിയുമാണ് അടഞ്ഞ് കിടക്കുന്നത്. ഇതിന് പുറമേ ഇതിനു സമീപത്ത് നിർമിച്ച ഫിഷറീസ് വകുപ്പിന്റെ ഫിഷ് ഹബ് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. മത്സ്യ മാർക്കറ്റ് കഴിഞ്ഞ ആഴ്ച ലേലം ചെയ്ത് നൽകിയിരുന്നു.
ചെറിയ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ടെന്നും അതാണ് കെട്ടിടങ്ങൾ തുറന്ന് നൽകാൻ വൈകുന്നത് എന്നുമാണ് അധികൃതർ പറയുന്നത്. മുറികൾ തുറന്ന് നൽകിയാൽ പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന പദ്ധതിയാണ് അടഞ്ഞ് കിടക്കുന്നത്. ടൗണിൽ ഒട്ടേറെ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും പാർക്കിങ് സൗകര്യം ഇല്ലാത്തത് വെല്ലുവിളിയാണ്.എന്നാൽ ടാക്സി സ്റ്റാൻഡിലെ കെട്ടിടങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ് സൗകര്യം ഉണ്ട്. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച കെട്ടിടങ്ങൾ എത്രയും വേഗം തുറന്ന് നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം