നേരത്തേയെത്തി എംഎൽഎ, വൈകിയെത്തി എൽഡിഎഫ്; വിവരമറിയാതെ പ്രതിഷേധം, രാത്രി നാടകീയ രംഗങ്ങൾ
Mail This Article
തൊടുപുഴ ∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപം ഞായറാഴ്ച രാത്രി നടന്നത് നാടകീയ രംഗങ്ങൾ. കൊല്ലപ്പെട്ട അമറിന്റെ ആശ്രിതർക്ക് മതിയായ ധനസഹായം നൽകാതെ തുടർ നടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ മോർച്ചറിക്ക് സമീപം യുഡിഎഫ് നേതാക്കൾ കുത്തിയിരിപ്പ് നടത്തിയിരുന്നു.
രാത്രി ഒൻപതോടെ സ്ഥലത്ത് എത്തിയ സിപിഎം പ്രവർത്തകർ എംഎൽഎ എവിടെ എന്നു ചോദിച്ച് സ്ഥലത്ത് സംഘർഷത്തിനു ശ്രമിച്ചു. പ്രതിഷേധത്തിലായിരുന്ന ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായി വാക്കേറ്റത്തിനു ശ്രമിക്കുകയും ചെയ്തു.
യുഡിഎഫ് മൃതദേഹം വച്ച് വില പേശുകയാണെന്നും ആരോപിച്ചു. അപകട വിവരം അറിഞ്ഞിട്ടും സ്ഥലം എംഎൽഎ പി.ജെ.ജോസഫ് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം എൽഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് സംഘടിച്ചത് സംഘർഷവസ്ഥക്ക് ഇടയാക്കി. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, നഗരസഭ ചെയർപഴ്സൻ സബീന ബിഞ്ചു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സ്ഥലത്ത് ഉണ്ടായിരുന്ന വൻ പൊലീസ് സംഘം ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.അതേ സമയം അപകട മരണ വിവരം അറിഞ്ഞ ഉടൻ തന്നെ പി.ജെ.ജോസഫ് എംഎൽഎ അമറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ല ആശുപത്രിയിലും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൻസൂറിനെ സെന്റ് മേരീസ് ആശുപത്രിയിലും സന്ദർശിച്ചിരുന്നു. തുടർന്ന് ജില്ലാ കലക്ടറെയും ബന്ധപ്പെട്ട മന്ത്രിമാരെയും വിളിച്ച് രാത്രി തന്നെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ഏർപ്പാട് ചെയ്ത ശേഷമാണ് ജോസഫ് തിരികെ പോയത്.
നഷ്ടപരിഹാരത്തിന് ശേഷം പോസ്റ്റ്മോർട്ടം
അതേ സമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമറിന്റെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിക്കാതെ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കാൻ സമ്മതിക്കില്ലെന്ന് അറിയിച്ചാണ് എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ കുത്തിയിരിപ്പ് നടത്തിയത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ സാങ്കേതിക പ്രശ്നം ചൂണ്ടക്കാട്ടിയാണ് അധികൃതർ ധനസഹായം നൽകാതെ പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടത്താൻ തീരുമാനിച്ചത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ചെയ്തതു പോലെ അർഹമായ ധനസഹായം പ്രഖ്യാപിക്കാതെ തങ്ങൾ പിൻമാറില്ലെന്ന് എംപിയും യുഡിഎഫ് നേതാക്കളും ശഠിച്ചതോടെ ജില്ല കലക്ടറുടെ പ്രതിനിധിയായി ഇടുക്കി സബ് കലക്ടറും, കോതമംഗലം ഡിഎഫ്ഒയും തൊടുപുഴ ഡിവൈഎസ്പിയും മറ്റ് ഉദ്യോഗസ്ഥരും എത്തി.
തുടർന്ന് എംപിയും യുഡിഎഫ് നേതാക്കളും അമറിന്റെ അടുത്ത ബന്ധുക്കളും ഉൾപ്പെടെ ഉള്ളവരെ വിളിച്ച് ഇവർ ചർച്ച നടത്തി. ആദ്യം 4 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയിൽ നിന്നും ബാക്കി 6 ലക്ഷം രൂപ സർക്കാർ ധനസഹായവും നൽകാമെന്ന് രാത്രി പത്തരയോടെ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് പ്രശ്ന പരിഹാരം ആയത്. തുടർന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീടാണ് ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും നടത്തിയത്. രണ്ടരയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയത്.