ഒന്നടങ്ങൂ, പടയപ്പേ...; ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാർ ടൗണിലെത്തി പടയപ്പ
Mail This Article
മൂന്നാർ ∙ പടയപ്പ രാത്രി മൂന്നാർ ടൗണിലെത്തി ഭീതി പരത്തി. ഗൂഡാർവിളയിൽ 2 കടകളും ഒരു ബസ് കാത്തിരുപ്പ് കേന്ദ്രവും തകർത്തു. കന്നിമലയിൽ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികൾ കാട്ടാനകളെ കണ്ട് ഭയന്നോടി. തിങ്കൾ രാത്രി 9.30ന് ആണ് പടയപ്പ ടൗണിനു സമീപമുള്ള മുസ്‌ലിം പള്ളിക്കു താഴെ പ്രധാന റോഡിലെത്തിയത്. മറയൂർ റോഡിലൂടെ നടന്ന് ടൗണിലേക്ക് വരികയായിരുന്ന പടയപ്പയെ നാട്ടുകാർ ചേർന്ന് ബഹളം വച്ച് ഓടിക്കുകയായിരുന്നു.
പടയപ്പ ഇറങ്ങിയതിനെ തുടർന്ന് മൂന്നാർ - മറയൂർ റോഡിൽ രാത്രി അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പടയപ്പ ടൗണിലെത്തിയത്. ജിഎച്ച് റോഡിലെ പാപ്പൂഞ്ഞിയുടെ പച്ചക്കറിക്കട ലക്ഷ്യമിട്ടാണ് പടയപ്പയെത്തിയതെന്നാണ് സൂചന. മുൻപ് 7 തവണ ഈ കട തകർത്ത് പടയപ്പ, പഴങ്ങളും പച്ചക്കറികളും തിന്നിരുന്നു. ഇന്നലെ പുലർച്ചെ 2.15നാണ് ഗൂഡാർവിള ഫാക്ടറി ഡിവിഷനിൽ 6 കാട്ടാനകൾ ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രവും 2 പലചരക്ക് കടകളും തകർത്തത്. വിനോദ്, വേൽ രാജ് എന്നിവരുടെ കടകളാണ് തകർത്തത്.
ഇന്നലെ രാവിലെ 7ന് ആർആർടി സംഘമെത്തിയാണ് ആനകളെ ജനവാസ മേഖലയിൽനിന്ന് ഓടിച്ചത്. ഇന്നലെ പകൽ മുഴുവൻ ഗൂഡാർവിള സ്കൂളിന് സമീപത്തുള്ള ചതുപ്പിലായിരുന്നു കാട്ടാനകൾ നിന്നത്. ഇന്നലെ രാവിലെ 7.30ന് കന്നിമലടോപ്പ് ഡിവിഷനിൽ ഫീൽഡ് നമ്പർ 15ൽ കൊളുന്ത് എടുക്കാനെത്തിയ സ്ത്രീ തൊഴിലാളികളാണ് 4 ആനകൾ തേയിലക്കാട്ടിൽ ഉണ്ടായിരുന്നതിനെ തുടർന്ന് ഭയന്നോടിയത്. ഇവർ പിന്നീട് മറ്റൊരു ഫീൽഡിലാണ് പിന്നീട് ജോലി ചെയ്തത്. കഴിഞ്ഞ രണ്ടു മാസമായി തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പലയിടങ്ങളിലായി ഇറങ്ങുന്ന ആനകൾ മിക്കതും അക്രമ സ്വഭാവം പുലർത്തുന്നതായി തൊഴിലാളികൾ പറഞ്ഞു.