ഡബിൾ ഡക്കറിന് ഡബിൾ ബെൽ, മൂന്നാറിലെ തേയില തോട്ടങ്ങളുടെ നടുവിലൂടെ യാത്ര; ജനുവരി പകുതിയോടെ ആരംഭിക്കാൻ ശ്രമം
Mail This Article
തൊടുപുഴ ∙ മൂന്നാറിലെ തേയില തോട്ടങ്ങളുടെ നടുവിലൂടെ കാറ്റിന്റെ കുളിരിൽ ഇനി ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിങ് നടത്തിയ ബസ് കഴിഞ്ഞ ദിവസം മന്ത്രി കെ.ബി.ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഈ മാസം രണ്ടാം വാരത്തോടെ മൂന്നാറിൽ സർവീസ് ആരംഭിക്കുന്നതിനാണ് ശ്രമം. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്.
പ്രത്യേകതകൾ: ബസിന്റെ മുകൾ ഭാഗത്തും, ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. ബസിലെ രാത്രി യാത്ര വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശ സംവിധാനവും ഏർപ്പെടുത്തി. മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസിലുണ്ട്.
യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജിങ് നടത്താനുമാകും. തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഹിറ്റായിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ സമ്മാനം. കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു.