ADVERTISEMENT

മൂന്നാർ∙ മൂന്നാറിന് അനുവദിച്ച മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമാണത്തിനായി അനുവദിച്ച ഭൂമിയുടെ കൈമാറ്റം നടപ്പാക്കാത്തത് കാരണം പദ്ധതി നഷ്ടമാകാൻ സാധ്യത. ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള 5 ഏക്കർ റവന്യു ഭൂമിയാണ് പദ്ധതിക്കായി അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി കെട്ടിട നിർമാണമാരംഭിക്കണമെന്നും അല്ലാത്തപക്ഷം ഭൂമി കൈമാറ്റ നടപടികൾ റദ്ദാക്കുമെന്നുമായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാൽ 7 മാസമായിട്ടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ഇതോടെയാണ് സ്പെഷ്യൽറ്റി ആശുപത്രി മൂന്നാറിന് നഷ്ടപ്പെടുമെന്ന ആശങ്ക ഉയരുന്നത്. 78.25 കോടി രൂപ ചെലവിട്ട് ആശുപത്രി നിർമിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം. 

ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപമുളള 5 ഏക്കർ (1.9818 ഹെക്ടർ) ഭൂമിയാണ് ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യു വകുപ്പിൽ നിലനിർത്തി ഉപയോഗവും കൈവശാനുഭവവും ആരോഗ്യ വകുപ്പിന് കൈമാറി 7 മാസം മുൻപ് സർക്കാർ ഉത്തരവിറക്കിയത്. കെഡിഎച്ച് വില്ലേജിലെ സർവേ നമ്പർ 20/1ൽ പെട്ടതും നിലവിൽ സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതുമായ ഭൂമിക്ക് സമീപത്തായാണ് വർഷങ്ങൾക്ക് മുൻപ് സർക്കാർ പ്രഖ്യാപിച്ച മൂന്നാർ ഗവ. മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി സ്ഥാപിക്കുന്നത്. 

കിഫ്ബിയുടെ സഹകരണത്തോടെ ആശുപത്രി നിർമിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. വർഷങ്ങളായി കാടുകയറി കിടന്നിരുന്ന ഭൂമിയിൽ കിഫ്‌ബി, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി മൾട്ടി ആശുപത്രി കെട്ടിടങ്ങൾ നിർമിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് ലാൻഡ് റവന്യു കമ്മിഷണർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഭൂമി കൈമാറാൻ തീരുമാനമായത്. 20.92 കോടി രൂപയാണ് ഭൂമിയുടെ അടിസ്ഥാന വിലയായി സർക്കാർ കണക്കാക്കിയിരിക്കുന്നത്. പദ്ധതിക്ക് ഗവർണറുടെ അനുമതിയും ലഭിച്ചിരുന്നു. തോട്ടം, ആദിവാസി മേഖലകളുൾപ്പെടുന്ന മൂന്നാർ മേഖലയിൽ പതിറ്റാണ്ടുകളായി ചികിത്സ സൗകര്യമില്ല. നിലവിൽ കോട്ടയം, കൊച്ചി, തേനി എന്നിവിടങ്ങളിലെത്തിയാണ് മേഖലയിലുള്ള രോഗികൾ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.

English Summary:

Munnar multi-specialty hospital project faces cancellation. Delays in land acquisition by the Kerala health department jeopardize the ₹78.25 crore project, leaving Munnar without crucial medical upgrades.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com