ഇല്ലിപ്പാലം ചപ്പാത്ത് അപകടാവസ്ഥയിൽ; ഈ പോക്ക് റിസ്ക്കാണ്
Mail This Article
സേനാപതി ∙ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിച്ചെങ്കിലും ഈ റോഡിലെ 3 പതിറ്റാണ്ട് പഴക്കമുള്ള പാലം പുനർനിർമിക്കാൻ നടപടിയില്ല. പുതുവർഷത്തിലെങ്കിലും പുതിയ പാലം യാഥാർഥ്യമാകുമോയെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ. 10 കോടിയോളം രൂപ മുടക്കി നിർമിച്ച മുരിക്കുംതൊട്ടി - ഉടുമ്പൻചോല റോഡിലാണ് രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് പന്നിയാർ പുഴയ്ക്ക് കുറുകെ നിർമിച്ച ഇല്ലിപ്പാലം ചപ്പാത്ത് സ്ഥിതി ചെയ്യുന്നത്. 8.700 കിലോമീറ്റർ ദൈർഘ്യമുള്ള ഈറോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഇവിടെ ഈ പാലമുണ്ടായിരുന്നു. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ ഈ പാലത്തിലൂടെയാണ് ഒട്ടേറെ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്നത്.
മഴക്കാലത്ത് പന്നിയാർ പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകാറുണ്ട്. ഈ സമയത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയാണ് പതിവ്. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന തടിക്കഷണങ്ങളും ചപ്പുചവറുകളും പാലത്തിന്റെ തൂണുകളിൽ തങ്ങിനിൽക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി. പാലം ബലപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പലതവണ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. താൽക്കാലിക പരിഹാരമല്ല, ഇവിടെ പുതിയ കോൺക്രീറ്റ് പാലം നിർമിക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ ഇവിടെ പുതിയ പാലം നിർമിക്കുന്നതിനായി ബോർഹോൾ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. ഓരോ മഴക്കാലത്തും ആശങ്കയോടെയാണ് പാലത്തിനു സമീപം താമസിക്കുന്നവർ കഴിയുന്നത്.