ഇതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം!!
Mail This Article
തൊടുപുഴ ∙ മഠത്തിക്കണ്ടം ജംക്‌ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമുണ്ട്, പക്ഷേ, പേരിനാണെന്നു മാത്രം. രണ്ട് ഇരുമ്പു തൂണുകൾക്കു മുകളിൽ ഒരു പാളി തകരഷീറ്റ് ഘടിപ്പിച്ച്, ഇരിക്കാൻ നീളത്തിലുള്ള കരിങ്കൽ സ്ലാബും സ്ഥാപിച്ചതാണ് നിലവിലെ കാത്തിരിപ്പു കേന്ദ്രം. കഷ്ടിച്ച് 4 ആൾക്കു മാത്രമേ ഇവിടെ ഇരിക്കാം. മാത്രമല്ല തകരഷീറ്റിന് വീതിയും നീളവും കുറവായതിനാൽ അകത്ത് കയറിയാലും വലിയ പ്രയോജനമൊന്നും ഇല്ല. മഴയും വെയിലും കൊള്ളുമെന്നു യാത്രക്കാർ തന്നെ പറയുന്നു. നഗരസഭയുടെ 8, 9, 10 വാർഡുകളിൽ ഉൾപ്പെട്ടവരെല്ലാം ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്. ഇവർക്കെല്ലാം ആശ്രയം ഈ കാത്തിരിപ്പു കേന്ദ്രമാണ്. രാവിലെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരുടെ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്നു കടകൾ കുറവായതിനാൽ റോഡിന്റെ ഓരത്ത് തന്നെയാണ് യാത്രക്കാർ നിൽക്കുക. പ്രായമായവർക്കും സ്ത്രീകൾക്കുമാണ് ഏറെ ബുദ്ധിമുട്ട്. കൂടാതെ 20 മിനിറ്റ് ഇടവിട്ടാണ് ഈ റൂട്ടിലെ ബസ് സർവീസ്. അതിനാൽ യാത്രക്കാർ ഏറെനേരം കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. പരിഹാരത്തിനായി ജംക്‌ഷനിൽ അത്യാവശ്യം പേർക്ക് ഇരിക്കാവുന്ന നല്ല കാത്തിരിപ്പു കേന്ദ്രം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.