ADVERTISEMENT

തൊടുപുഴ ∙‘ചേട്ടാ തീപ്പെട്ടിയുണ്ടോ’ – കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികൾ അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ വാർത്ത ചിരിച്ചു തള്ളേണ്ടതല്ല. കഞ്ചാവും സിന്തറ്റിക് ലഹരി മരുന്നുകളും സ്കൂൾ വിദ്യാർഥികളിലേക്ക് വളരെ എളുപ്പത്തിൽ എത്തിത്തുടങ്ങി എന്നതിന്റെ തെളിവാണ് രണ്ടുമാസം മുൻപുനടന്ന ഈ സംഭവം. ചുരുക്കം ചില സംഭവങ്ങൾ മാത്രമേ പുറത്തറിയുന്നുള്ളൂ. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികളടക്കം പിടിയിലായ സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. ബോധവൽക്കരണം, പരിശോധന, ശിക്ഷാനടപടികൾ എന്നിവ ഒരു വശത്തു നടക്കുമ്പോഴും മറുവശത്ത് ലഹരി നിർബാധം ഒഴുകുന്നുണ്ടെന്ന് സാരം.

അന്യസംസ്ഥാനങ്ങളിൽ നിന്ന് വരവ് 
കഴിഞ്ഞ ദിവസം 40 കിലോ കഞ്ചാവുമായി തൊടുപുഴയിൽ പിടിയിലായ പ്രതി പൊലീസിനു നൽകിയ മൊഴി ഞെട്ടിക്കുന്നതാണ്. ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ ഉൾപ്പെടെ കഞ്ചാവ് തൂക്കി വിൽപന നടത്തുന്നുണ്ടെന്നാണ് മൊഴി. പിടികൂടുന്ന പല കേസുകളിലും കഞ്ചാവ് എത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ വഴിയാണ്. വലിയ സ്റ്റേഷനുകൾ ഒഴിവാക്കിയുള്ള റൂട്ട് ഇവർ തിരഞ്ഞെടുക്കും. വലിയ സ്റ്റേഷനുകൾക്ക് മുൻപ് ട്രെയിൻ ഇറങ്ങി റോഡ് മാർഗം ആ നഗരം പിന്നിട്ടതിനുശേഷം വീണ്ടും മറ്റു ട്രെയിനിൽ യാത്ര തുടരും. അവ അതിർത്തി കടന്നെത്തുന്നതോടെ ചെറു പൊതികളിലേക്ക് മാറ്റും. ഏജന്റുമാർ വഴിയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിലേക്ക് എത്തുക. 

 നേരിട്ടുള്ള ഇടപാട് ഇല്ല !
ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, വാട്സാപ് തുടങ്ങിയ ആപ്ലിക്കേഷനിലൂടെ വ്യാജ ഐഡി ഉപയോഗിച്ചാണ് ഏജന്റുമാരുമായുള്ള ഇടപാടുകൾ. ലഹരിപ്പൊതികൾ കൈമാറുമ്പോൾ ഇവർ നേരിൽ കാണാറില്ല. ഏതെങ്കിലും സ്ഥലത്ത് പൊതി വച്ചശേഷം ലൊക്കേഷൻ അയച്ചു നൽകുകയാണ് ഏജന്റുമാർ ചെയ്യുക. പണം ഓൺലൈനായി മുൻകൂർ അടയ്ക്കണം. ഒരാളെ പിടികൂടിയാൽ ഫോണിലൂടെ മറ്റ് വ്യക്തികളിലേക്ക് എത്താൻ നിലവിൽ പൊലീസിനും എക്സൈസിനും കഴിയുന്നില്ല. 

ഇടനിലക്കാരായി വിദ്യാർഥികളും 
വിദ്യാർഥികൾക്കിടയിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എളുപ്പത്തിൽ എത്തിക്കുന്നത് വിദ്യാർഥികളായ ഇടനിലക്കാരാണ്. ഇവർക്കും ചെറിയ തുക കമ്മിഷൻ ഇനത്തിൽ ലഭിക്കും. കടകൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചുള്ള ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾ പോകാറില്ല. സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ഇല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ കൈമാറ്റപ്പെടുന്നു. ഇവ ഷൂസിനുള്ളിലും ബാഗിന്റെ രഹസ്യ അറയ്ക്കുള്ളിലുമായി സൂക്ഷിക്കും. കഞ്ചാവിനെക്കാൾ സിന്തറ്റിക് ലഹരിയോടാണ് കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്കു പ്രിയം. ലഹരി കേസുകളിൽ പിടിയിലാകുന്നതിൽ 80 ശതമാനവും 22നും 30നും ഇടയിൽ പ്രായമുള്ളവരാണ്. വിൽപനയ്ക്കെത്തുന്ന ലഹരി മരുന്നിന്റെ ചെറിയ ഒരു ഭാഗം മാത്രമാണു പിടികൂടുന്നത്. 

ലഹരിവിരുദ്ധ ക്ലബുകൾ, ജാഗ്രതാ സമിതികൾ
ജില്ലയിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെന്നു വിമുക്തി മാനേജർ ഇൻ ചാർജ് മുഹമ്മദ് റിയാസ് പറഞ്ഞു.ഓരോ സ്കൂളിന്റെയും ചുമതല ഓരോ എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും സ്കൂൾ തല ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മിറ്റി കൂടി പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടെന്നും എക്സൈസ് പറയുന്നു. വിദ്യാർഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ അവരെ പിന്തിരിപ്പിക്കുന്നതിന് എക്സൈസിന്റെ സഹായം ഉറപ്പാക്കുന്നതാണ് നേർവഴി പദ്ധതി. അധ്യാപകർക്കോ രക്ഷിതാക്കൾക്കോ വിവരം അറിയിക്കാം. ഫോൺ: 9656178000.സൗജന്യ കൗൺസലിങ്ങിനു വിളിക്കാം (എക്സൈസ് വിമുക്തി മിഷൻ ടോൾ ഫ്രീ നമ്പർ: 14405)

English Summary:

School students in thodupuzha are easily accessing cannabis and synthetic drugs. This alarming trend highlights the need for increased vigilance, improved detection methods, and stronger preventative measures within schools and the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com