മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് 2025 ൽ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യം
Mail This Article
തൊടുപുഴ ∙മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് 2025 ൽ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. 11 വർഷം മുൻപ് പണി തുടങ്ങിയ ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം 4 വർഷം മുൻപ് യുഡിഎഫ് ഭരണസമിതി നടത്തിയിരുന്നു. അതിനു ശേഷം ലിഫ്റ്റ്, വാട്ടർ ടാങ്ക് എന്നിവയുടെ പ്രവൃത്തി പൂർത്തിയാക്കാൻ നിലവിലെ ഭരണസമിതിക്ക് കഴിയാത്തതിനാലാണ് കോംപ്ലക്സ് പ്രവർത്തന സജ്ജമാകാത്തത്. 2013ൽ ആണ് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതുവരെ 10 കോടി രൂപ ചെലവാക്കി. നിലവിൽ 90 ലക്ഷം രൂപ ചെലവിൽ കോംപ്ലക്സിന്റെ മുൻപിൽ ടൈൽ പതിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. ലിഫ്റ്റ്, വാട്ടർ കണക്‌ഷൻ, ഇലക്ട്രിസിറ്റി, പ്ലമിങ് എന്നിവ ഉൾപ്പെടെ പൂർത്തിയായി. ഇനി അഗ്നിരക്ഷാസേനയിൽ നിന്നുള്ള എൻഒസി ലഭിച്ചാൽ വൈകാതെ കോംപ്ലക്സ് തുറക്കുമെന്നാണു നഗരസഭ അധികൃതർ പറയുന്നത്.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിൽ ആകെ 123 മുറികളാണുള്ളത്. കോംപ്ലക്സിന്റെ പണി പൂർത്തിയായ 2020 മുതൽ ഇതുവരെ 32 മുറികൾ നഗരസഭ ലീസിന് നൽകി കഴിഞ്ഞു. രണ്ടാംനിലയിലെ മുറികൾ പൂർണമായും സർക്കാർ സ്ഥാപനങ്ങൾക്ക് ഉള്ളതാണ്. ഗ്രൗണ്ട് ഫ്ലോറിലെ ഒരു മുറിക്കു 10 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 12,000 രൂപ വാടകയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്ന്, രണ്ട് നിലകളിലെ മുറികൾക്കു 3 ലക്ഷം രൂപ ഡിപ്പോസിറ്റും 7000 രൂപയുമാണ് വാടക. അതേസമയം ലീസിന് എടുത്ത സ്ഥാപനങ്ങൾ ഡിപ്പോസിറ്റ് തുകയിൽ മൂന്നിൽ ഒരു ഭാഗം മാത്രമേ നിലവിൽ അടച്ചിട്ടുള്ളൂ. അതിനാൽ കോംപ്ലക്സ് തുറന്നാലും തുക പൂർണമായി അടച്ചാൽ മാത്രമേ സ്ഥാപനങ്ങൾക്കു തുറന്നു പ്രവർത്തിക്കാനാകൂ. അതേസമയം വായ്പ എടുത്ത് നിർമിച്ച കെട്ടിടം പ്രവർത്തനം ആരംഭിച്ചാൽ ഒരു വർഷം നഗരസഭയ്ക്കു ഇതിൽ നിന്നു ഒരു കോടി രൂപയോളം വാടക ഇനത്തിൽ മാത്രമായി വരുമാനം ലഭിക്കും.