ഉപ്പുതറ സിഎച്ച്സിക്ക് പുതുവർഷ സമ്മാനം!!!! സായാഹ്ന ഒപി നിർത്തി
Mail This Article
ഉപ്പുതറ ∙ സ്ഥിരം ഡോക്ടർമാരുടെ തസ്തികയെല്ലാം ഒഴിഞ്ഞു കിടക്കുന്നതിനിടെ സായാഹ്ന ഒപി കൂടി നിർത്തിയതോടെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ദുരിതം. പുതുവർഷ ദിനം മുതൽ സായാഹ്ന ഒപി അനിശ്ചിതകാലത്തേക്ക് നിർത്തിയതെന്ന് വ്യക്തമാക്കി ആശുപത്രിയിൽ അറിയിപ്പ് പ്രസിദ്ധീകരിച്ചു. സായാഹ്ന ഒപിയിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടർ ഉപരിപഠനത്തിനായി പോയതിനാലാണ് ഈ സേവനം നിർത്തിയത്.നാല് സ്ഥിരം ഡോക്ടർമാരുടെ തസ്തികയാണ് ഇവിടെയുള്ളതെങ്കിലും അവയെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പുതുവർഷ ദിനം മുതൽ 3 താൽക്കാലിക ഡോക്ടർമാരുടെ സേവനം മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. ആലടി പിഎച്ച്സിയിലെ ഡോക്ടർക്കാണ് സിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറുടെ ചുമതല നൽകിയിരിക്കുന്നത്.
അഡ്‌ഹോക്ക് വ്യവസ്ഥയിൽ 3 ഡോക്ടർമാരെയാണ് ഉപ്പുതറ സിഎച്ച്സിയിലേക്ക് നിയോഗിച്ചത്. ആലടിയിലെ ഡോക്ടർക്ക് ഉപ്പുതറയിലെ മെഡിക്കൽ ഓഫിസറുടെ ചുമതലയുള്ളതിനാൽ ഇതിൽ ഒരാളെ അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ എൻഎച്ച്എമ്മിൽനിന്ന് 2 ഡോക്ടർമാരെയും സിഎച്ച്സിയിൽ നിയമിച്ചിട്ടുണ്ട്. അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമിച്ചിരുന്ന ഒരു ഡോക്ടർ ഉപരിപഠനത്തിനു പോയതോടെയാണ് സായാഹ്ന ഒപിയുടെ സേവനം നിർത്തിയത്. ഒഴിവുള്ള തസ്തികകളിലേക്ക് അടുത്തിടെ 2 ഡോക്ടർമാരെ നിയമിച്ചിരുന്നെങ്കിലും അവർ ചുമതലയേറ്റശേഷം ഉപരിപഠനത്തിനായി അവധിയിൽ പ്രവേശിക്കുകയാണുണ്ടായത്.
ഡോക്ടർമാരുടെ കുറവ് ചൂണ്ടിക്കാട്ടി കിടത്തിച്ചികിത്സ മാസങ്ങൾക്കു മുൻപുതന്നെ നിർത്തിയിരുന്നു. ഏതാനും മാസം മുൻപ് ഈ ആശുപത്രിയെ ബ്ലോക്ക് പദവിയിൽനിന്ന് മാറ്റാൻ തീരുമാനിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനൊടുവിൽ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാതെ ആശുപത്രിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. കർഷകരും തോട്ടം തൊഴിലാളികളുമടക്കമുള്ള സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം കുറയുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ദിവസേന നാനൂറോളം രോഗികൾ ഒപിയിൽ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്.