രോഗികളുമായി പോയാലും ഓട്ടോറിക്ഷയിൽ ഉച്ചത്തിൽ പാട്ട്; തിരക്കിനിടെ മൂന്നാറിൽ വീണ്ടും പ്രശ്നം
Mail This Article
മൂന്നാർ ∙ ഓട്ടോറിക്ഷകളിൽ ഉയർന്ന ശബ്ദത്തിൽ പാട്ടു വച്ച് ശബ്ദ മലിനീകരണവും യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നതായി പരാതി. വിനോദ സഞ്ചാരികൾ, സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രക്കാരുമായി പോകുമ്പോഴും വിവിധ സ്റ്റാൻഡുകളിൽ നിർത്തിയിടുന്ന വേളകളിലുമാണ് ഓട്ടോറിക്ഷയിൽ ഉച്ചത്തിൽ പാട്ടു വയ്ക്കുന്നത്.
സാധാരണ സ്പീക്കറുകളിൽ വൂഫറുകൾ സ്ഥാപിച്ച് ശബ്ദ തീവ്രത കുട്ടിയാണ് പാട്ടുവയ്ക്കുന്നത്. രോഗികളുമായി പോകുന്ന ഓട്ടോകളിൽ ഇത്തരത്തിൽ അമിത ശബ്ദത്തിൽ പാട്ടുവയ്ക്കുന്നതു കാരണം രോഗികൾക്ക് കടുത്ത അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്.
അമിത ശബ്ദത്തിലെ പാട്ടിനെതിരെ പരാതികൾ വ്യാപകമായിട്ടും മോട്ടർ വാഹന വകുപ്പോ, പൊലീസോ നടപടി എടുക്കുന്നില്ല. അഞ്ചു വർഷം മുൻപ് ഇത്തരത്തിലുള്ള അമിത പാട്ടിനെതിരെ സ്വകാര്യ വ്യക്തി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനെ തുടർന്ന് ഇടപെടൽ ഉണ്ടാകുകയും പൊലീസ് പരിശോധന നടത്തി നൂറിലധികം ഓട്ടോകൾ പിടികൂടി എയർ ഹോണുകളും പാട്ട് യന്ത്രങ്ങളും പിടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ നടപടി നിലച്ചു. പൊലീസ് നടപടികൾ ഇല്ലാതായതോടെയാണ് വീണ്ടും ഓട്ടോറിക്ഷകളിൽ അമിത ശബ്ദത്തിലുള്ള പാട്ട് പതിവായത്.