ഏലം വില ഉയരുന്നു; പക്ഷേ, കർഷകൻ നോക്കുകുത്തി
Mail This Article
രാജകുമാരി∙ ഉൽപാദനവും ലേലകേന്ദ്രങ്ങളിൽ പതിവും കുറഞ്ഞതോടെ ഒന്നര മാസത്തിനു ശേഷം വീണ്ടും ഏലം വില മൂവായിരം കടന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 3196 രൂപ വരെ ഏലത്തിനു ശരാശരി വില ലഭിച്ചു. ഒന്നര മാസം മുൻപു 2 ലേലത്തിലായി ഒരു ലക്ഷത്തിലധികം കിലോഗ്രാം പതിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച്ചയിലെ അവസാന ലേലത്തിൽ 2 ലേല കേന്ദ്രങ്ങളിലായി ആകെ 87048 കിലോഗ്രാം ഏലയ്ക്കയാണു പതിഞ്ഞത്.
സീസൺ കഴിഞ്ഞതോടെ ഉൽപാദനത്തിലുണ്ടായ കുറവ് ലേലത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഏലം വിലയിലെ ചാഞ്ചാട്ടം വൻകിട വ്യാപാരികളുടെ ഇടപെടൽ മൂലമാണെന്നു കർഷകർ പറയുന്നു. ഉൽപാദനം കൂടുതലുണ്ടായിരുന്നപ്പോൾ വിലയിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കർഷകരെ ബുദ്ധിമുട്ടിലാക്കുകയും സീസൺ അവസാനിച്ചപ്പോൾ സ്റ്റോക്കിസ്റ്റുകൾക്ക് ലാഭമുണ്ടാക്കാനായി വിപണിയിൽ ഇടപെടുകയും ചെയ്തുവെന്നാണു കർഷകർ പറയുന്നത്.
സീസൺ ആരംഭിച്ച ജൂണിൽ 2130 രൂപയായിരുന്നു ശരാശരി വില. ജൂലൈയിൽ 2245 രൂപയും ഓഗസ്റ്റിൽ 2300 രൂപ വരെയും ലഭിച്ചു. സെപ്റ്റംബറിൽ 2400 രൂപയും ഒക്ടോബറിൽ 2300 രൂപയുമായിരുന്ന ഏലം വില നവംബറിലാണു 3000 താെട്ടത്. അതിനു ശേഷം ഒന്നരമാസത്തോളം വില ഏറിയും കുറഞ്ഞും ചാഞ്ചാടിക്കാെണ്ടിരുന്നു.
സീസൺ അവസാനിക്കാറായതോടെയാണ് ഇപ്പോൾ വില വീണ്ടും 3000 കടന്നത്. എന്നാൽ ഭൂരിഭാഗം ചെറുകിട കർഷകരും ഏലയ്ക്ക വിറ്റാെഴിഞ്ഞതിനാൽ വൻകിട കർഷകർക്കും വ്യാപാരികൾക്കും മാത്രമാണ് ഇപ്പോഴത്തെ വിലവർധനവിന്റെ പ്രയോജനം ലഭിക്കുക. 2019 ഓഗസ്റ്റിലാണ് ആദ്യമായി ഏലത്തിന്റെ ശരാശരി വില 4000 കടന്നത്.
വേനൽ പേടിയിൽ ഏലം കർഷകർ
കഴിഞ്ഞ വേനൽക്കാലം നൽകിയ തിരിച്ചടിയിൽ നിന്നു പതിയെ കര കയറിക്കാെണ്ടിരിക്കുന്ന ജില്ലയിലെ ഏലം മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നതാണു ഹൈറേഞ്ചിലെ മഴക്കണക്കുകൾ. കഴിഞ്ഞ നവംബർ 15 മുതൽ ഇന്നലെവരെ വെറും 8 സെന്റീമീറ്റർ മഴ മാത്രമാണ് ഏലം കൃഷി ചെയ്യുന്ന മേഖലകളിൽ ലഭിച്ചത്. ലോറേഞ്ചിലുൾപ്പെടെ ഇതിന്റെ ഇരട്ടി മഴ ലഭിച്ചപ്പോഴാണ് ഹൈറേഞ്ചിലെ മഴക്കണക്ക് കർഷകരെ ഭയപ്പെടുത്തുന്നത്.
മഴ കുറഞ്ഞതിനാൽ കഴിഞ്ഞ വർഷം ഹൈറേഞ്ചിൽ നിരവധി കുഴൽക്കിണറുകളിൽ വെള്ളം വറ്റിയിരുന്നു. ഉപരിതല ജലസ്രോതസുകളും വറ്റിയതോടെ ഏലച്ചെടികൾക്കു നനയാെരുക്കാൻ കർഷകർക്ക് കഴിഞ്ഞില്ല. വേനൽ ചൂട് താങ്ങാനാകാതെ ഏലച്ചെടികൾ നിലം പതിച്ചു. 2024 ജനുവരി 1 മുതൽ ജൂലൈ 31 വരെ 17,944 ഏലം കർഷകർക്കാണു കൃഷി നാശമുണ്ടായത്. 4368.8613 ഹെക്ടറിലെ ഏലം നശിച്ചതിനാൽ 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.