മൂന്നാർ നിവാസികളെ അപമാനിച്ചെന്ന്; എം.എം.മണിക്കും എ.കെ.മണിക്കും എതിരെ പ്രതിഷേധം
Mail This Article
മൂന്നാർ ∙ മൂന്നാർ നിവാസികളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റവും സംസാരവും മാന്യതയില്ലാത്തതാണെന്ന് പറഞ്ഞ എം.എം.മണിക്കെതിരെയും എം.എം.മണിയെ പിന്തുണച്ച കോൺഗ്രസ് നേതാവ് എ.കെ.മണിക്കെതിരെയും രൂക്ഷ വിമർശനവുമായി ഒരു വിഭാഗം ഓട്ടോ ടാക്സി ഡ്രൈവർമാർ രംഗത്ത്. ശനിയാഴ്ച മൂന്നാറിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന ‘ഇടുക്കിയുടെ വികസനം, വളർച്ച ടൂറിസത്തിലൂടെ’ എന്ന വിഷയം സംബന്ധിച്ച് നടന്ന സെമിനാറിൽ വച്ചാണ് മൂന്നാറിലെ ജനങ്ങളും കച്ചവടക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും വിനോദ സഞ്ചാരികളോട് മാന്യമായി പെരുമാറണമെന്ന് എം.എം.മണി ആവശ്യപ്പെട്ടത്.
മൂന്നാർ ടൗണിൽ സന്ദർശകരെത്തുന്നത് കുറയുന്നതും ആനച്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സഞ്ചാരികൾ കൂടുന്നതും മൂന്നാറുകാരുടെ മോശം പെരുമാറ്റം മൂലമാണെന്നായിരുന്നു മണിയുടെ പരാമർശം. വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് എ.കെ.മണി ഈ പരാമർശം നൂറു ശതമാനം ശരിയാണെന്ന് പറഞ്ഞ് എം.എം.മണിക്ക് പിന്തുണ നൽകി. ഇതിനു ശേഷമാണ് ‘സ്വതന്ത്ര ഡ്രൈവേഴ്സ്’ കൂട്ടായ്മ എന്ന വാട്സാപ് ഗ്രൂപ്പിൽ ഇരുവർക്കുമെതിരെ മോശം പരാമർശങ്ങളുമായി അംഗങ്ങൾ രംഗത്തെത്തിയത്.
മൂന്നാർ നിവാസികളെ അപമാനിക്കുകയാണ് ഇരുനേതാക്കളും ചെയ്തതെന്നാണ് പ്രധാന പരാമർശം. ഇരുവർക്കുമെതിരെ പ്രതിഷേധ പരിപരിപാടികൾ അടുത്ത ദിവസം മൂന്നാറിൽ നടത്തണമെന്ന് ഗ്രൂപ്പിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടു. മൂന്നാറിലെ ടൂറിസം ഇല്ലാതാക്കി സ്വന്തം നാട് വികസിപ്പിക്കാനുള്ള ഗൂഢശ്രമമാണ് എം.എം.മണി നടത്തുന്നതെന്നും അംഗങ്ങൾ ഗ്രൂപ്പിൽ പരാമർശിച്ചു.