താഴെചൊവ്വ–നടാൽ ബൈപാസിൽ വീണ്ടും കുഴികൾ
Mail This Article
ചാല∙ മഴ കനത്തതോടെ താഴെചൊവ്വ–നടാൽ ബൈപാസിൽ വീണ്ടും കുഴികൾ. വാഹനയാത്രക്കാർ ഭീതിയിൽ. ജൂണിൽ മഴ തുടങ്ങിയതോടെ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിരുന്നു. ഇത്തരത്തിൽ ബൈപാസിലെ ചാല കുന്നിൽ രൂപപ്പെട്ട കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചിരുന്നു. തുടർന്ന് താഴെചൊവ്വ മുതൽ നടാൽ വരെ കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കുളളിൽ കുഴികൾ പൂർവസ്ഥിതിയിലായി. ഇപ്പോൾ വീണ്ടും മഴ കനത്തതോടെ കുഴികൾ വലുതായതാണ് ഭീതി പരത്തുന്നത്.
ദേശീയ പാതയുടെ ബൈപാസ് ആയതിനാൽ സ്ഥല പരിചയമില്ലാത്ത ഇരു ചക്ര വാഹനങ്ങൾ അടക്കമുള്ള ചെറിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുന്നുണ്ട്. ചാലയ്ക്കും നടാലിനും ഇടയിൽ ബൈപാസിൽ വലിയ വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്ന തരത്തിലുള്ള വൻ കുഴികളും രൂപപെട്ടിട്ടുണ്ട്. ഇവിടെ പൊലീസ് സിഗ്നൽ കോണുകൾ വച്ചാണ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. പരാതികൾ വ്യാപകമാകുമ്പോൾ പേരിനൊരു കുഴി മൂടൽ ആണ് കാര്യക്ഷമമാകാത്തതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൊതു ഗതാഗത മേഖല പിൻവലിഞ്ഞതോടെ ഇരു ചക്രവാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ തിരക്ക് ബൈപാസിൽ മുഴുവൻ സമയവും ഉണ്ട്. മഴക്കാലം തീരാൻ ഇനിയും മാസങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ധർമ്മടം ദേശീയ പാതയിലെ റോഡ് തകർച്ച പരിഹരിക്കാൻ ചെയ്തതു പോലെ ബൈപാസിൽ റീ ടാറിങ് വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപെടുന്നു.
ബൈപാസിലൂടെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ അപകടം ഉറപ്പാണ് എന്നതാണ് അവസ്ഥ. കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾ മിക്കവയും ഓടുന്നില്ല. ഈ സാഹചര്യത്തിൽ ഇരുചക്രവാഹന യാത്ര ഒഴിവാക്കാനും പറ്റുന്നില്ല.
ഒമാൻ ബാബു, ഇരുചക്ര വാഹന യാത്രക്കരൻ, ചാലക്കുന്ന്.