ADVERTISEMENT

ഇരിട്ടി∙ പെടയങ്ങോട്, ഇരിക്കൂർ, കല്യാട് മേഖലകളിൽ  വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് 8 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. പെടയങ്ങോട്  വെയ്റ്റിങ് ഷെൽട്ടറിന് മുകളിലും മരം കടപുഴകി വീണു. പെരുമണ്ണ്, പെടയങ്ങോട് ഇരിക്കൂർ പ്രദേശത്ത് നിരവധി  വൈദ്യുതി ലൈനുകളും വൈദ്യുതി തൂണുകളും തകർന്നു. ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴയോടൊപ്പം ചുഴലിക്കാറ്റും അടിച്ചത്. പെടയങ്ങോട്ടെ സി.പി.ചന്ദ്രൻ, എ.ടി.ഷറീഫ, മുക്രിന്റകത്ത് ഖദീജ, റാഹത്ത് സലാം, സി. സി.അബ്ദുൽ സത്താർ, കെ.റസീന, എം.ഹാജിറ, എം.ആയിഷ   എന്നിവരുടെ വീടുകളാണ്  ഭാഗികമായി തകർന്നത്.  കല്യാട് അരിങ്ങോട്ടിൽ ലക്ഷ്മിയുടെ വീട് പൂർണമായി തകർന്നു. ലക്ഷ്മിയെ മാറ്റി പാർപ്പിച്ചു. 

  പെടയങ്ങോട്ടെ സി.സി.സലാം ഹാജിയുടെ വീടിന് മുകളിൽ മരം വീണ നിലയിൽ.
പെടയങ്ങോട്ടെ സി.സി.സലാം ഹാജിയുടെ വീടിന് മുകളിൽ മരം വീണ നിലയിൽ.

പെരുമണ്ണ് മുതൽ ഇരിക്കൂർ വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളും നിവരധി തൂണുകളും നിലം പൊത്തി. മണ്ണേരിയിൽ പുന്നശ്ശേരിൽ സജിയുടെ 50 കുലച്ച വാഴകളും കാറ്റിൽ നശിച്ചു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ്, ഇരിക്കൂർ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് ഇവിടങ്ങളിൽ ഗതാഗതം പുനസ്ഥാപിച്ചത്. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ശീജ, പഞ്ചായത്തംഗം കെ.വി.നിലോഫർ എന്നിവർ നാശ നഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ചു. 

  തില്ലങ്കേരി മുണ്ടോംവയലിൽ ഒന്നാം വിളയായി ചെയ്ത നെൽക്കൃഷി വെള്ളം കയറി നശിച്ച നിലയിൽ.
തില്ലങ്കേരി മുണ്ടോംവയലിൽ ഒന്നാം വിളയായി ചെയ്ത നെൽക്കൃഷി വെള്ളം കയറി നശിച്ച നിലയിൽ.

നെൽക്കൃഷിക്ക് വ്യാപക നാശം

കനത്ത മഴയിൽ നെൽക്കൃഷിക്ക് വ്യാപക നാശം. തില്ലങ്കേരി മുണ്ടോംവയലിൽ ഒന്നാം വിളയായി ചെയ്ത ഏക്കറുകണക്കിന് നെൽക്കൃഷി വെള്ളം കയറി നശിച്ചപ്പോൾ ആറളം പഞ്ചായത്തിൽ 100 ഏക്കറിലധികം സ്ഥലത്തെ കരനെൽക്കൃഷി വീണുപോയി. മുണ്ടോംവയൽ പാടശേഖര സമിതിയുടെ  തില്ലങ്കേരി മേഖലയിൽ നിരവധി കർഷകരാണ് നെൽക്കൃഷി  നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുകിടന്ന ഭൂമി ഏറ്റെടുത്തും ഇക്കുറി കൃഷി ഇറക്കിയിരുന്നു. കൊയ്ത്തിന് പാകമായതിനാൽ വിളവെടുപ്പിനുള്ള ഒരുക്കത്തിലായിരുന്നു കർഷകർ. അപ്രതീക്ഷിതമായെത്തിയ മഴ എല്ലാം തകിടം മറിച്ചു. വയലുകളിൽ വെള്ളം കയറി കൃഷി മുഴുവനും നശിച്ചു. മുണ്ടോംവയലിൽ കൃഷി ചെയ്ത സി.എം പ്രദീപന്റെ മാത്രം 3 ഏക്കർ കൃഷി നശിച്ചു. വെളളം കയറിയതിനെ തുടർന്ന്  നെല്ല് മുളച്ചു കഴിഞ്ഞു.

ആറളത്ത് 300 ഏക്കറോളം സ്ഥലത്ത് കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കരനെൽക്കൃഷി ഇറക്കിയിരുന്നു. കൊയ്ത്തിന് പാകമായതിനാൽ ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തു യന്ത്രം വിളവെടുപ്പിനായി എത്തിച്ചിരുന്നു. എന്നാൽ മഴ തുടങ്ങിയതിനാൽ യന്ത്രം ഉപയോഗിച്ച് വിളവെടുപ്പ് നടത്താനായില്ല. മൂന്നിലൊന്ന് സ്ഥലത്തെ കരനെൽക്കൃഷി വീണ് നശിച്ചു. 

 പെടയങ്ങോട്ട് വരാന്ത പുസ്തക ചർച്ച നടക്കുന്ന പി.വി.ഷുക്കൂറിന്റെ ചായക്കടയ്ക്ക് മുകളിൽ മരം വീണ് തകർന്ന നിലയിൽ.
പെടയങ്ങോട്ട് വരാന്ത പുസ്തക ചർച്ച നടക്കുന്ന പി.വി.ഷുക്കൂറിന്റെ ചായക്കടയ്ക്ക് മുകളിൽ മരം വീണ് തകർന്ന നിലയിൽ.

വരാന്ത ചായക്കടയുടെ മുകളിൽ മരം വീണു

വരാന്ത ചായപ്പീടിക പുസ്തക ചർച്ചകളിലൂടെ  പ്രശസ്തമായ  പെടയങ്ങോട്ടെ പി.വി.ഷുക്കൂറിന്റെ വരാന്ത ചായക്കടയുടെ മുകളിൽ തേക്ക് മരം കടപുഴകി വീണു. കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.    കടയിലുള്ളവർക്ക് ചായ നൽകിയ ശേഷം ഷുക്കൂർ റോഡിലേക്ക് ഇറങ്ങിയ സമയത്താണ്  അപകടം നടന്നത്. 

റോഡരികിൽ  മണ്ണ് ഇടിഞ്ഞു

മട്ടന്നൂർ– മണ്ണൂർ റോഡിൽ ഉത്തിയൂരിൽ റോഡ് അരികിൽ മണ്ണ് ഇടിഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് മണ്ണ് ഇടിഞ്ഞു റോഡിൽ വീണത്. ഇതുവഴിയുള്ള വാഹന ഗതാഗതം പ്രതിസന്ധിയിലായി. രണ്ട് ദിവസമായിട്ടും മണ്ണ് നീക്കം ചെയ്യുന്നതിനു നടപടി ഉണ്ടായിട്ടില്ല. ആദ്യ ദിവസം ചെറിയ തോതിലാണ് മണ്ണ് ഇടിഞ്ഞത്. അപായ സൂചനാ ബോർഡുകൾ വയ്ക്കാത്തതിൽ നാട്ടുകാർക്ക് ഇടയിൽ ശക്തമായ പ്രതിഷേധമുണ്ട്. പ്രദേശത്ത് തെരുവ് വിളക്കും ആവശ്യത്തിന് ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ അപകടം സംഭവിക്കാൻ കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com