ഭരണസമിതി രൂപീകരണവും പ്രസിഡന്റ് സ്ഥാനവും: ഇനി ചർച്ചാസമയം
Mail This Article
കണ്ണൂർ∙ പഞ്ചായത്തുകളിലെ ഫലം വന്നു.ആഹ്ലാദ പ്രകടനവും കഴിയാറായി. ഇനി ഭരണസമിതി രൂപീകരണവും പ്രസിഡന്റ് സ്ഥാനവും ചർച്ച.കല്യാശ്ശേരി പഞ്ചായത്ത് കെൽട്രോൺ നഗർ വാർഡിൽ നിന്നും ജയിച്ച ടി.ടി.ബാലകൃഷ്ണൻ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ്. കോലത്തുവയൽ വാർഡിൽ നിന്നും വിജയിച്ച മുൻ പഞ്ചായത്ത് അംഗം കൂടിയായ സി.നിഷയ്ക്കാണ് വൈസ് പ്രസിഡന്റ് സാധ്യത.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇപ്രാവശ്യം വനിതാ സംവരണമായതിനാൽ അരോളി ഹൈസ്കൂൾ വാർഡിൽ നിന്നും വിജയിച്ച എ.വി.സുശീല പഞ്ചായത്ത് പ്രസിഡന്റാകും. പാപ്പിനിശ്ശേരി സെൻട്രൽ വാർഡിൽ നിന്നും വിജയിച്ച കെ.പ്രദീപ്കുമാർ വൈസ് പ്രസിഡന്റാകും. സിപിഎം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ്.
അഞ്ചരക്കണ്ടിയിൽ വാർഡ് 3 പറമ്പുക്കരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.പി.ലോഹിതാക്ഷനാണ് പ്രസിഡന്റ് പരിഗണനയിൽ ഉള്ളത്. സിപിഎം അഞ്ചരക്കണ്ടി നോർത്ത് സെക്രട്ടറിയാണ്. ചെമ്പിലോട് വാർഡ് 19 ചെമ്പിലോട് സൗത്തിൽ നിന്ന് നിന്ന് തിരഞ്ഞെടുക്കപെട്ട കെ.ദാമോദരനാണ് പരിഗണനയിൽ ഉള്ളത്.
സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം, കോയ്യോട് ബാങ്ക് പ്രസിഡന്റ്, കെഎസ്കെടിയു അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗവുമാണ് ദാമോദരൻ. മുണ്ടേരിയിൽ നിലവിൽ അംഗമായ എ.അനിഷയെ പരിഗണിച്ചേക്കും. ചർച്ചകൾ നടന്നുവരുന്നു.മയ്യിൽ പഞ്ചായത്തിൽ കെ.കെ.റിഷ്നയാണ് പരിഗണനയിൽ ഉള്ളത്. സിപിഎം തായം പൊയിൽ ബ്രഞ്ച് അംഗമായ റിഷ്ന കണ്ണൂർ സർവ്വകലാശാലയിൽ ജേർണലിസം അധ്യാപികയാണ്. കൊളച്ചേരിയിൽ മൂന്നാം വാർഡ് പന്ന്യം കണ്ടിയിൽ നിന്ന് വിജയിച്ച കെ.പി.അബ്ദുൽ മജീദിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയാണ് മജീദ്. കുറ്റ്യാട്ടൂരിൽ വാർഡ് 4 നിടുകുളത്ത് നിന്ന് വിജയിച്ച പി.പി.റെജിയുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കേൾക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു റെജി. ചെറുകുന്ന്, കണ്ണപുരം, പെരളശ്ശേരി പഞ്ചായത്തുകളിൽ തീരുമാനമായിട്ടില്ല.
കടമ്പൂരിൽ വാർഡ് 6 ൽ നിന്ന് തിരഞ്ഞെടുക്കപെട്ട കോൺഗ്രസിലെ പി.വി.പ്രമവല്ലിയുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്. ചർച്ചകൾ നടന്നു വരുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്ഡിപിഐ 4 സീറ്റ് നേടുകയും എൽഡിഎഫിനും യുഡിഎഫിനും ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത സാഹചര്യവുമാണ് ഉള്ളത്. ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും ഒരു തീരുമാനത്തിലും എത്തിയിട്ടില്ല.
വളപട്ടണത്ത് 7 സീറ്റുകൾ നേടിയ മുസ്‌ലിം ലീഗ് ഒറ്റയ്ക്ക് ഭരിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗമാണെങ്കിലും വനിതയെ പരിഗണിക്കാനാണ് സാധ്യത. അഴീക്കോട് പ്രസിഡന്റ് സ്ഥാനം ഇക്കുറി പട്ടികജാതി വിഭാഗത്തിനാണ് സംവരണം ചെയ്തിരിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു. ചിറക്കലിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. പരിഗണയിലുള്ളവരുടെ പട്ടിക അടുത്ത ദിവസം ജില്ലാ കമ്മിറ്റിക്ക് കൈമാറും.