ADVERTISEMENT

കൂത്തുപറമ്പ് ∙ ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റ പാട്യം നഗറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ പാട്യം നഗർ സ്നേഹഭവനിൽ യു.കെ.ശ്രീജേഷി(40)നെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്ന് അൽപസമയത്തിനകം തന്നെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം സിഐ കെ.സുധീർ രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് പാട്യം നഗറിൽ വച്ചാണ് കളത്തുങ്കണ്ടി സജീവൻ കുത്തേറ്റ് മരിച്ചത്. പ്രതി ശ്രീജേഷും മറ്റൊരാളും തമ്മിൽ ഉണ്ടായ വഴക്കിൽ ഇടപെട്ട് 2 തവണ സജീവൻ ശ്രീജേഷിനെ അയാളുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. വീണ്ടും ബഹളം വച്ച് കത്തിയുമായി എത്തിയ ശ്രീജേഷ് പാലത്തിന് മുകളിൽ വച്ച് സജീവനെ മുതുകിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ് ചോര വാർന്ന സജീവനെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഇന്നലെ കണ്ണൂരിൽ നിന്നു ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും തലശ്ശേരി ഡിവൈഎസ്പി ബി.സുരേഷും സംഭവ സ്ഥലം പരിശോധിച്ചു. കണ്ണവം സിഐ സുധീർ, എസ്ഐ അനീഷ് എന്നിവരും കൂടെയുണ്ടായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

തലശ്ശേരിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച ശേഷം ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപിച്ചു. വലിയവെളിച്ചം ശാന്തിവനത്തിൽ സംസ്കാരം നടന്നു. ചെങ്കൽ മേഖലയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സജീവന് ആദരാഞ്ജലി അർപ്പിച്ച് മേഖലയിലെ ചെങ്കൽ പണകളിൽ ഇന്നലെ ഹർത്താൽ ആചരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com