കോടിയേരി എത്തി; ‘ചരിത്രത്തിന്റെ ഭാഗമാകാൻ’
Mail This Article
പെരിങ്ങത്തൂർ∙ചികിത്സയ്ക്കായി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു മാറിനിൽക്കുകയായിരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അസുഖം മറന്നു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമാകാൻ ജില്ലയിലെത്തി. ഒന്നര വർഷത്തിനു ശേഷമാണു ജില്ലയിൽ അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. രോഗം പൂർണമായി മാറിയിട്ടില്ലെങ്കിലും ചികിത്സ തുടരുന്നതിനിടെ ഇപ്പോൾ രംഗത്തിറങ്ങിയതിനു കാരണവും അദ്ദേഹത്തിനു പറയാനുണ്ട്. ‘രോഗമാണെന്നു കരുതി മാറി നിന്നാൽ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഒരു തിരഞ്ഞെടുപ്പിൽ പങ്കാളിയാവാൻ കഴിഞ്ഞില്ലെന്നു വേദനിക്കേണ്ടി വരും.
അതാണു പ്രചാരണത്തിനു വന്നത്.’– കോടിയേരി പ്രതീക്ഷിക്കുന്ന ആ ചരിത്രം എൽഡിഎഫിന്റെ തുടർഭരണമാണ്. 10 വർഷം തുടർച്ചായി ഭരിക്കാൻ എൽഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇത്തവണ അതിനു കഴിയുമെന്നും കോടിയേരി അടിവരയിടുന്നു. തുടർഭരണമെന്നതു കഴിഞ്ഞ 5 വർഷത്തെ ഭരണം കൊണ്ടു ജനങ്ങളിൽ നിന്നുണ്ടായ ആവശ്യമാണെന്നു കോടിയേരി പ്രചാരണ കേന്ദ്രങ്ങളിൽ വിശദീകരിക്കുന്നു. സംസ്ഥാന ഭരണം വിലയിരുത്തി വോട്ട് ചെയ്യണമെന്നാണു കോടിയേരിയുടെ ആഹ്വാനം.
അതിനൊപ്പം കേന്ദ്രഭരണവും കഴിഞ്ഞ യുഡിഎഫ് ഭരണകാലവും കൂടി വിലയിരുത്തണമെന്നും അദ്ദേഹം പറയുന്നു. സമാനതകളില്ലാത്ത വികസനം കാഴ്ചവച്ചിരിക്കുകയാണ് എൽഡിഎഫ് ഭരണം. അന്ധമായ രാഷ്ട്രീയ വിരോധമുള്ളവർക്കു മാത്രമേ ഇത്തവണ എൽഡിഎഫിന് എതിരായി വോട്ട് ചെയ്യാൻ കഴിയുകയുള്ളുവെന്നാണു കോടിയേരി പറഞ്ഞു. ബിജെപി സർക്കാരിനെ നിശിതമായി വിമർശിച്ച കോടിയേരി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കേരളത്തിൽ വന്നു പോകുന്നതിനെ കളിയാക്കുകയും ചെയ്തു.
‘പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഹെലികോപ്റ്ററിൽ കേരളത്തിന്റെ ആകാശത്തു വട്ടമിട്ടു പറക്കുകയാണ്. ആകാശത്തല്ല, നാട്ടിലാണു വോട്ടെന്നു തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവർക്കു മനസ്സിലാകും’. പ്രസംഗത്തിലെ പഴയ നർമബോധം വീണ്ടെടുത്ത് കോടിയേരി കേൾവിക്കാരെ കയ്യിലെടുത്തു. കോടിയേരിയുടെ പരിഹാസം കോൺഗ്രസിനെതിരെയും നീണ്ടു. ‘സ്വന്തം എംഎൽഎമാരെ പോലും കോൺഗ്രസുകാരായി നിലനിർത്താൻ കഴിയാത്ത പാർട്ടിയാണു കോൺഗ്രസ്’.
35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രഖ്യാപനം ചേർത്തുവച്ചാണു കോടിയേരി കോൺഗ്രസിനെ കളിയാക്കിയത്. ബിജെപിക്ക് 35 സീറ്റ് കിട്ടാൻ യുഡിഎഫുമായി കച്ചവടം നടത്താനായിരുന്നു സുരേന്ദ്രന്റെ പ്ലാനെന്നും ബാക്കി എംഎൽഎമാരെ കോൺഗ്രസിൽ നിന്ന് എടുക്കാമെന്നാണു കരുതിയിട്ടുണ്ടാകുകയെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയ സ്ഥലങ്ങളിലെല്ലാം തോൽവിയായിരുന്നു ഫലമെന്നു ബേപ്പൂർ മോഡൽ കോലീബി സഖ്യ കഥ ഓർമപ്പെടുത്തി കോടിയേരി പറഞ്ഞു. പെരിങ്ങത്തൂർ, മമ്പറം എന്നിവിടങ്ങളിലായിരുന്നു കോടിയേരിയുടെ ഇന്നലത്തെ പ്രചാരണം.