പേരാവൂരിലെ വികസന പദ്ധതികൾ വിവരിച്ച് യുഡിഎഫിന്റെ സപ്ലിമെന്റ്
Mail This Article
ഇരിട്ടി∙ പേരാവൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സിറ്റിങ് എംഎൽഎ ആയിരുന്ന സണ്ണി ജോസഫ് ഒന്നും ചെയ്തില്ലെന്ന ആരോപണങ്ങൾക്ക് മറുപടിയായി എഎൽഎ നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറയുന്ന വികസന സപ്ലിമെന്റ് ‘വാസ്തവം’ പുറത്തിറക്കി യുഡിഎഫിന്റെ മറുപടി. കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ ഉണ്ടാകേണ്ട സമഗ്ര വികസനം അട്ടിമറിക്കാനാണ് എൽഡിഎഫ് ശ്രമിച്ചതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ അനുവദിച്ച സ്ഥാപനങ്ങൾ മട്ടന്നൂരിലേക്ക് മാറ്റിയതിന് പിന്നിൽ മന്ത്രി ഇപി ജയരാജന്റെ താൽപര്യം എന്തായിരുന്നുവെന്ന് പേരാവൂർ മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തലശ്ശേരി - വളവുപാറ റോഡ് യാഥാർഥ്യമാക്കുന്നതിൽ റോഡിന്റെ പരിധിയിൽ വരുന്ന തലശ്ശേരി മുതൽ മട്ടന്നൂർ വരെയുള്ള നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ എത്ര തവണ യോഗം ചേർന്നെന്ന് അറിയാൻ താൽപര്യമുണ്ട്.
ഇവിടങ്ങളിലെ ജനപ്രതിനിധികൾ പാലത്തിന്റെയും റോഡിന്റെയും വികസനത്തിനായി എന്തു ചെയ്തുവെന്ന് ജനങ്ങൾക്കറിയാം. കൂട്ടുപുഴ പാലം പണി തടസ്സപ്പെട്ടപ്പോൾ എൽഡിഎഫ് സർക്കാരിലെ എത്ര മന്ത്രിമാരും ജനപ്രതിനിധികളും പ്രശ്‌ന പരിഹാരത്തിന് ഇടപ്പെട്ടുവെന്നും എത്ര തവണ കർണാടകയിൽ പോയെന്നും ചെയ്ത കാര്യങ്ങൾ എന്താണെന്നും ജനങ്ങളോട് വിശദീകരിക്കണം.
പാലം പണി തടസ്സം മാറി കിട്ടുന്നതിനായി മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിൽ കർണാടക മുഖ്യമന്ത്രിമാരുമായും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ഇടപെടലുകൾ വിശദീകരിച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.വികസന സപ്ലിമെന്റ് എഐസിസി നിരീക്ഷകൻ ബംഗാരേഷ് ഹിരോമത്ത് നാഷനൽ ഇബ്രാഹിമിന് നൽകി പ്രകാശനം ചെയ്തു. യുഡിഎഫ് നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, പടിയൂർ ദാമോദരൻ, കെ.പി.ഷാജി, പി.എ.നസീർ, പി.കുട്ട്യപ്പ, സി.കെ.ശശി, പി.എ.നസീർ എന്നിവർ പങ്കെടുത്തു.