ജനാധിപത്യോത്സവം കൊടിയേറ്റ്
Mail This Article
പയ്യന്നൂർ മണ്ഡലം
പയ്യന്നൂർ മണ്ഡലത്തിലെ 268 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ ബോയ്സ് ഹൈസ്കൂളിൽ വച്ച് വിതരണം ചെയ്തു. ഇതിനായി 25 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. രാവിലെ മുതൽ തന്നെ ഉദ്യോഗസ്ഥർ എത്തി പോസ്റ്റിങ് ഓർഡറുകൾ കൈപ്പറ്റിയിരുന്നു. 9.30 മുതൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഇവ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ വാഹനങ്ങളിലേക്ക് പോയത്. 2 മണിയോടെ വിതരണം പൂർത്തിയാക്കിയിരുന്നു. വിതരണം സുഗമമാക്കുന്നതിനുള്ള സംവിധാനമെല്ലാം റവന്യു ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു.
കേന്ദ്രത്തിലേക്ക് വന്ന ഉദ്യോഗസ്ഥർക്ക് ആശാ വർക്കർമാർ കവാടത്തിൽ വച്ച് സാനിറ്റൈസർ നൽകി. സാധനങ്ങൾ കൈപ്പറ്റിയ ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനവും കേന്ദ്രത്തിൽ സജ്ജമാക്കിയിരുന്നു. വിതരണ കേന്ദ്രം ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് പ്രവർത്തനം നടത്തിയത്. പയ്യന്നൂർ മണ്ഡലത്തിൽ ആകെ 183223 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 86520 പുരുഷന്മാരും 96701 സ്ത്രീകളും 2 ട്രാൻസ്ജെൻഡറും ഉൾപ്പെടും.
കല്യാശ്ശേരി മണ്ഡലം
കല്യാശ്ശേരി മണ്ഡലത്തിലെ 286 ബൂത്തുകളിലേക്കുളള പോളിങ് സാമഗ്രികൾ ഇന്നലെ ഉച്ചയോടെ തന്നെ വിതരണം ചെയ്തു. മാടായിപ്പാറ ഗവ. ഐടിഐയിലാണ് പോളിങ് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. രാവിലെ 10ന് വിതരണം ആരംഭിച്ചു. നേരത്തെ 169 ബൂത്തുകളാണ് കല്യാശ്ശേരിയിൽ ഉണ്ടായത്. 1000 വോട്ടുകൾ ഉളള ബൂത്തുകൾ വിഭജിച്ചത് കൊണ്ടാണ് 113 ബൂത്തുകൾ അധികമായി വന്നത്. ഇത്തവണ 1370 പോളിങ് ഉദ്യോഗസ്ഥരാണ് കല്യാശ്ശേരി മണ്ഡലത്തിലുളളത്.
കൂടുതൽ ബൂത്തുകൾ ഉളളത് കൊണ്ട് തിരക്ക് ഒഴിവാകും എന്നു കല്യാശ്ശേരി മണ്ഡലം റിട്ടേണിങ് ഓഫിസർ കെ.മനോജ് കുമാർ പറഞ്ഞു. 96326 സ്ത്രീ വോട്ടർമാരും 79273 പുരുഷ വോട്ടർമരുമാണ് മണ്ഡലത്തിലുളളത്. 5 പ്രശ്നബാധിത ബൂത്തുകളാണ് മണ്ഡലത്തിലുളളത്. ഇവിടങ്ങളിൽ 5 കേന്ദ്രസേനാംഗങ്ങളും 2 പൊലീസ് ഉദ്യോഗസ്ഥരും വീതം ഉണ്ടാകും. മറ്റുളള ബൂത്തുകളിൽ ഓരോ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക ചുമതല ഉള്ളവരും ഉണ്ടാകും.
ഭീഷണി നേരിടാൻ...
ചെറുപുഴ ∙ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ സുരക്ഷ കൂട്ടി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കോഴിച്ചാൽ, ജോസ്ഗിരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 7 ബൂത്തുകൾക്കാണു സുരക്ഷ ശക്തമാക്കിയത്. ഈ ബൂത്തുകൾക്ക് കേന്ദ്രസേനയാണു സുരക്ഷ ഒരുക്കുന്നത്. ജോസ്ഗിരി സെന്റ് ജോസഫ് യുപി സ്കൂളിലെ 3 ബൂത്തുകൾക്കും കോഴിച്ചാൽ സെന്റ് അഗസ്റ്റിൻ എൽപി സ്കൂളിലെ 4 ബൂത്തുകളുമാണു മാവോയിസ്റ്റ് ഭീഷണിയുള്ളത്.
നേരത്തെ കാനംവയലിനു സമീപം മാങ്കുണ്ടി എസ്റ്റേറ്റിലാണു മാവോയിസ്റ്റുകൾ എത്തിയത്. ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തി രാജഗിരിയിൽ നിന്നു ഭക്ഷണസാധനങ്ങൾ വാങ്ങിയതിനു ശേഷം മാവോയിസ്റ്റുകൾ തിരിച്ചു പോകുകയായിരുന്നു. ബിഎസ്എഫ് എസ്ഐ അമീർ ഹുസൈന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സേനയ്ക്കു പുറമെ ലോക്കൽ പൊലീസും ഇവിടെ എത്തിയിട്ടുണ്ട്. കർണാടക പൊലീസും പരിശോധനകളുമായി രംഗത്തുണ്ട്.
വെറുതെയിരുന്നു അവർ, മണിക്കൂറുകളോളം
ഇത്തവണ പുതുതായി ഏർപ്പെടുത്തിയ അസിസ്റ്റന്റ് വോട്ടിങ് ഓഫിസർമാർ നിർദേശങ്ങളൊന്നും ലഭിക്കാതെ 3 മണി വരെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ കാത്തിരിക്കേണ്ടി വന്നു. മറ്റ് ഉദ്യോഗസ്ഥന്മാർക്കൊപ്പം രാവിലെ തന്നെ ഇവർ കേന്ദ്രത്തിൽ എത്തിയിരുന്നു. പ്രത്യേക മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടതല്ലാതെ പിന്നീട് നിർദേശങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50ൽ അധികം ഓപ്പൺ വോട്ട് നടന്ന കേന്ദ്രങ്ങളിലാണ് അസിസ്റ്റന്റ് വോട്ടിങ് ഓഫിസർ എന്ന തസ്തികയിൽ പ്രത്യേക ഉദ്യോഗസ്ഥന്മാരെ നിയമിക്കാൻ തീരുമാനിച്ചിരുന്നത്.
ഇവരുടെ ജോലിയും മറ്റ് വിവരങ്ങളും കേന്ദ്രത്തിൽ വച്ചു നൽകുമെന്നാണ് അറിയിച്ചിരുന്നത്. അതിനായി രാവിലെ ക്ലാസ് നടത്തുമെന്നും അറിയിച്ചിരുന്നു. ഉച്ച കഴിഞ്ഞിട്ടും നടപടി ഇല്ലാതായപ്പോൾ ഇവർ ബഹളം കൂട്ടി. തഹസിൽദാർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് ഇവരെ ശാന്തരാക്കി ആവശ്യമായ ക്ലാസുകൾ നൽകി വൈകുന്നേരത്തോടെ ബൂത്തുകളിൽ എത്തിച്ചു. 44 പേരാണ് മണ്ഡലത്തിൽ അസിസ്റ്റന്റ് പോളിങ് ഓഫിസർമാരായി ഉണ്ടായിരുന്നത്.
സ്ഥാനാർഥികൾ
പയ്യന്നൂർ ∙ നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനൻ കരുവാച്ചേരി, എഎഫ്സിഐ ഗോഡൗൺ പരിസരം, തെരു, പഴയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ കേന്ദ്രങ്ങളിൽ ഗൃഹസന്ദർശനവും തൊഴിൽശാല സന്ദർശനവും നടത്തി.
നഗരസഭ ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷൻ ടി.വിശ്വനാഥൻ, കൗൺസിലർരായ എം.പ്രസാദ്, എം.ആനന്ദൻ, ലോക്കൽ സെക്രട്ടറി കെ.വി.മോഹനൻ, കെ.രാഘവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ പെരിങ്ങോം പയ്യങ്കാനം കോളനി, ഏറ്റുകുടുക്ക തുടങ്ങിയ കേന്ദ്രങ്ങളിൽ ഗൃഹസന്ദർശനം നടത്തി.
ബൂത്ത് ഏജന്റുമാരുടെ യോഗത്തിൽ പങ്കെടുത്തു. ഡി.കെ.ഗോപിനാഥ്, എ.രൂപേഷ്, തമ്പാൻ കാങ്കോൽ, യു.ബാബു, സുരേഷ് കാനായി എന്നിവർ ഒപ്പം ഉണ്ടായിരുന്നു. എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ ചെറുപുഴ, പയ്യന്നൂർ, രാമന്തളി ഭാഗങ്ങളിൽ വോട്ടർമാരെ കണ്ടു. ചെറുപുഴ, കാനം വയൽ കോളനി സന്ദർശിച്ചു. എം.കെ.മുരളി, രാജു ചുണ്ട, വി.ആർ.സുനിൽ, എ.കെ.സജി എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
കേസെടുത്തു
പയ്യന്നൂർ ∙ രാമന്തളി പുന്നക്കടവിൽ വിതരണം ചെയ്യാൻ വച്ച ദേശാഭിമാനി പത്രത്തിൽ യുഡിഎഫിന്റെ പ്രചാരണ നോട്ടിസുകൾ തിരുകിക്കയറ്റി എന്ന പരാതിയിൽ 2 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. സിപിഎം രാമന്തളി ലോക്കൽ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.