ADVERTISEMENT

കണ്ണൂർ∙ വോട്ടെടുപ്പിൽ ആന്തൂർ, തളിപ്പറമ്പ് മേഖലയിൽ ഉൾപ്പെടെ സംഘർഷം. യുഡിഎഫ് ഏജന്റുമാരെ ബുത്തിൽ ഇരിക്കാൻ അനുവദിക്കാതിരുന്നതും ബൂത്ത് സന്ദർശനത്തിന് എത്തിയ സ്ഥാനാർഥിയെ തടയാൻ ശ്രമിച്ചതുമാണ് മിക്ക സ്ഥലങ്ങളിലും സംഘർഷത്തിൽ കലാശിച്ചത്. പയ്യന്നൂരിൽ സംഘർഷത്തിനിടെ തളർന്നു വീണ പ്രിസൈഡിങ് ഓഫിസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീകളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായും പരാതിയുണ്ട്. പരിയാരത്ത് വോട്ടർമാരെ കൊണ്ടു വന്ന യുഡിഎഫ് പ്രവർത്തകരുടെ വാഹനം തടഞ്ഞു. പയ്യന്നൂർ മണ്ഡലം കണ്ടങ്കാളി സ്കൂൾ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മുഹമ്മദ് അഷറഫ് സംഘർഷത്തിനിടെ കുഴഞ്ഞു വീണു. പാനൂർ സ്വദേശി തലശ്ശേരി പാറാൽ ബിഐഎ കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി സ്ത്രീ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ തർക്കത്തിനിടയിലാണ് സംഭവം. പ്രിസൈഡിങ് ഓഫിസറെ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകരം മറ്റൊരാളെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് ആരംഭിച്ചത്. ആന്തൂർ കടമ്പേരി അയ്യങ്കോൽ 117 ാം ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിനെയും കൂടെയുള്ളവരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. സ്ഥാനാർഥി ബൂത്തിൽ  സന്ദർശനത്തിന്  എത്തിയപ്പോഴായിരുന്നു അക്രമം.

തളിപ്പറമ്പ് കോടല്ലൂർ 118ാം ബൂത്തിൽ യുഡിഎഫ് ഏജന്റ് വി.വി.രവീന്ദ്രനെ ബൂത്തിൽ ഇരിക്കാൻ പോകുമ്പോൾ സിപിഎം പ്രവർത്തകർ പിടിച്ചുകൊണ്ടുപോയി.  വോട്ടർപട്ടികയും കണ്ണടയും അപഹരിച്ച ശേഷം  വീട്ടിൽ കൊണ്ടു വിട്ടതായാണു പരാതി. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വേശാല എൽപി സ്കൂൾ 174ാം ബൂത്തിൽ യുഡിഎഫ് ഏജന്റിന്റെ കണ്ണിൽ മുളകുപൊടി വിതറിയതായി പരാതിയുണ്ട്. കൂത്തുപറമ്പ് മണ്ഡലം 108ാം നമ്പർ ബൂത്തിൽ യുഡിഎഫ് ഏജന്റ് ടി. വാഹിദിന് മർദനമേറ്റു. ബൂത്തിനകത്താണു മർദനമേറ്റത്.

സംഭവത്തെ തുടർന്ന് പാനൂർ കെ.കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സംഘർഷമുണ്ടായി.  ഈ പോളിങ് സ്റ്റേഷനു സമീപം എൽ ഡിഎഫ്  തിരഞ്ഞെടുപ്പ് ചിഹ്നവുമായെത്തിയ വാഹനം യുഡിഎഫ് തടഞ്ഞതും സംഘർഷത്തിന് ഇടയാക്കി. വിളക്കോട്ടൂർ യുപി സ്കൂൾ ബൂത്ത് 131 പരിസരത്ത് പണപ്പൊതിയുമായി യുഡിഎഫ് പ്രവർത്തകനെ കൊളവല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത പണം പിടിച്ചെടുത്തുവെന്നകാര്യം പൊലീസ് നിഷേധിച്ചു. പരിയാരം ചെറിയൂർ യുപി സ്കൂൾ ബൂത്തിലെ യുഡിഎഫ് ഏജന്റ്  വി. കൃഷ്ണനെ (61) ബൂത്തിനുള്ളിൽ സിപിഎം പ്രവർത്തകർ മർദിച്ചു.

പരുക്കേറ്റ കൃഷ്ണനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ  സന്ദർശനത്തിനെത്തിയ ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് ചീഫ് ഏജന്റുമായ ടി.ജനാർദ്ദനൻ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു . ഇവർ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു . ഇവിടെ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ പ്രിസൈഡിങ് ഓഫിസർക്ക് രേഖാമൂലം പരാതി നൽകി. പരിയാരം  പഞ്ചായത്തിലെ തലോറയിൽ വോട്ടർമാരുമായി പോയ യുഡിഎഫിന്റെ രണ്ട് വാഹനങ്ങൾക്ക്  നേരെ ആക്രമണം നടന്നതായി പരാതിയുണ്ട്. തലശ്ശേരിയിൽ വോട്ട് ചെയ്യാനെത്തിയ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി സി.ഒ.ടി.നസീറിനെ ഒരു സംഘം സിപിഎം പ്രവർത്തകർ തടഞ്ഞു.

നടുവനാട്ട് കോൺഗ്രസ്–എസ്‍ഡിപിഐ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനു പരുക്കേറ്റു. തളിപ്പറമ്പ് ബുത്ത് നമ്പർ 110ൽ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പോളിങ് ഉദ്യോഗസ്ഥർ കേസെടുപ്പിക്കാതെ തിരിച്ചയച്ചു. തളിപ്പറമ്പ് ചിറവക്ക് അക്കിപ്പറമ്പ് യു പി സ്കൂളിലെ 76 നമ്പർ ബൂത്തിനുള്ളിൽ  മൊബൈൽഫോൺ ഉപയോഗിച്ച രണ്ട് എൽഡിഎഫ് ഏജന്റുമാരെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ പിടികൂടി. ഫോണുകൾ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നിരീക്ഷകനും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം നടന്നുവെങ്കിലും 2 ബൂത്ത് ഏജന്റുമാരെയും പുറത്താക്കി. ഇവരുടെ ഫോൺ പൊലീസിന് കൈമാറി കേസെടുക്കാൻ നിർദേശം നൽകി.പാനൂർ പുത്തൂർ എൽപി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘർഷത്തിന് ഇടയാക്കി. കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പറമ്പിൽ സിപിഎം ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ അടക്കമുള്ള നേതാക്കളെ ലീഗ് പ്രവർത്തകർ തടഞ്ഞു.

തളിപ്പറമ്പിൽ വ്യാപക അക്രമം

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ. യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിനെതിരെ കയ്യേറ്റം നടന്നതോടെ പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് അബ്ദുൽ റഷീദ് ബൂത്തുകൾ സന്ദർശിച്ചത്. പരിയാരം കുറ്റ്യേരിയിൽ ബൂത്തിനുള്ളിൽ യുഡിഎഫ് ഏജന്റിന് മർദനമേറ്റു. യുഡിഎഫ് നേതാക്കൾ എത്തിയപ്പോഴും സംഘർഷം തുടർന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിസൈഡിങ് ഓഫിസറെ മാറ്റി വേറെയാൾക്ക് ചുമതല നൽകി. കടമ്പേരി അയ്യങ്കോലിലും യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളർക്ക് നേരെ കയ്യേറ്റം നടന്നു.

ചിറവക്ക് അക്കിപ്പറമ്പ് യുപി സ്കൂളിൽ ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച എൽഡിഎഫ് ബൂത്ത് ഏജന്റുമാരെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ പിടികൂടി പുറത്താക്കി.ആന്തൂർ നഗരസഭയിലെ കോടല്ലൂർ 118ാം ബൂത്തിലേക്ക് പോവുകയായിരുന്ന യുഡിഎഫ് ഏജന്റ് വി.വി.രവീന്ദ്രനെ(61) തടഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് യുഡിഎഫ് പ്രവർത്തകർ എത്തി പൊലീസ് സഹായത്തോടെ വീണ്ടും ബൂത്തിലെത്തിച്ചു. പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ചെറിയൂർ യുപി സ്കൂളിലെ 1 എ ബൂത്തിലെ യുഡിഎഫ് ഏജന്റ് വി.വി.കൃഷ്ണന്(62) ബൂത്തിനുള്ളിൽ സിപിഎം പ്രവർത്തകരുടെ മർദനമേറ്റതായി പരാതിയുണ്ട്. പരുക്കേറ്റ കൃഷ്ണനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.

ഇത് അന്വേഷിക്കാൻ ചെന്ന യുഡിഎഫ് ചീഫ് ഏജന്റ് ടി. ജനാർദനന് നേരെയും കയ്യേറ്റമുണ്ടായി. യുഡിഎഫ് നേതാക്കൾ എത്തിയ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിനിടയാക്കി. എന്നാൽ യുഡിഎഫ് നേതാക്കൾ ബൂത്തിനുള്ളിൽ കയറി അക്രമം നടത്തുകയായിരുന്നവെന്നാണ് സിപിഎം ആരോപണം. കോടല്ലൂരിൽ എത്തിയ അബ്ദുൽ റഷീദിനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ആന്തൂർ കടമ്പേരി ഗവ യുപി സ്കൂളിൽ യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദ് സന്ദർശനത്തിനെത്തിയപ്പോൾ പ്രവാസി വോട്ടിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com