കല്യാശ്ശേരി മണ്ഡലത്തിൽ പോളിങ് സമാധാനപരം; ബൂത്ത് പിടിത്തവും കളളവോട്ടുമെന്ന് യുഡിഎഫ്
Mail This Article
കല്യാശ്ശേരി ∙ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. രാവിലെ 7മുതൽ തന്നെ മണ്ഡലത്തിലെ ബൂത്തുകളിൽ വോട്ടർമാർ എത്തിത്തുടങ്ങി. എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ വോട്ടർമാർ വോട്ട് ചെയ്യാനെത്തിയത്. പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ 71–ാം നമ്പർ ബൂത്തിൽ രാവിലെ 8ഓടെ വോട്ടിങ് യന്ത്രം തകരാറിലായിരുന്നുവെങ്കിലും വളരെ പെട്ടെന്നു തകരാർ പരിഹരിച്ചു.
കല്യാശ്ശേരി മണ്ഡലത്തിലെ 286 ബൂത്തുകളിലും വലിയ രീതിയിലുളള തിരക്കൊന്നും അനുഭവപ്പെട്ടില്ല. കല്യാശ്ശേരിയിലെ 169–ാം ബൂത്തിൽ യുഡിഎഫ് ഏജന്റ് ശ്രീകുമാറിന് നേരെ എൽഡിഎഫ് പ്രവർത്തകർ അക്രമം നടത്തിയെന്നും പരാതിയുണ്ട്. വൈകിട്ട് 6ന് മണ്ഡലത്തിലെ ചിലബൂത്തുകളിൽ കോവിഡ് പോസിറ്റിവ് ആയ വോട്ടർമാർ വോട്ടരേഖപെടുത്തിയിരുന്നു.
ബൂത്ത് പിടിത്തവും കളളവോട്ടുമെന്ന് യുഡിഎഫ്
കല്യാശ്ശേരി ∙ മണ്ഡലത്തിലെ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ കളളവോട്ടും ബൂത്ത് പിടിത്തവും നടത്തിയെന്ന് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി.മണ്ഡലത്തിലെ കണ്ണപുരം,ഇടക്കേപ്പുറം,ചെറുതാഴം, ഏഴോം,കല്യാശ്ശേരി ,ചെറുകുന്ന് എന്നിവിടങ്ങളിൽനിന്ന് ഉച്ചയോടെ കോൺഗ്രസ് ബൂത്ത് ഏജന്റ്മാരെ ബൂത്തിൽ നിന്ന് ഇറക്കിവിട്ടതായും യുഡിഎഫ് കമ്മിറ്റിയുടെ ആരോപണം. സംഭവത്തിൽ സ്ഥാനാർഥി കെ.ബ്രിജേഷ് കുമാർ,രാജീവൻ കപ്പച്ചേരി, എസ്.കെ.പി.സക്കരിയ, ഗഫൂർമാട്ടൂൽ, അജിത്ത്മാട്ടൂൽ,എ.പി.ബദറുദ്ദീൻ എന്നിവർ പ്രതിഷേധിച്ചു.