ADVERTISEMENT

കണ്ണൂർ∙ സിപിഎമ്മിന്റെ വിലയിരുത്തൽ 9, സിപിഐയുടേത് 7, കോൺഗ്രസിന്റേതും ലീഗിന്റേതും 5. ജില്ലയിൽ ലഭിച്ചേക്കാവുന്ന സീറ്റുകളെക്കുറിച്ച് വോട്ടെടുപ്പിനുശേഷം രാഷ്ട്രീയ പാർട്ടികളുടെ പ്രാഥമിക വിലയിരുത്തൽ ഇങ്ങനെയാണ്. എന്നാൽ അക്കങ്ങൾ ആരും ഉറപ്പിച്ചു പറയുന്നില്ലെന്നു മാത്രം. കീഴ്ഘടകങ്ങളുമായി ആശയവിനിമയം നടത്തിയശേഷമാണു ജില്ലാ ഘടകങ്ങൾ ഈ കണക്കിലേക്കെത്തിയത്. സിപിഎം മാത്രമാണ് ജില്ലാ നേതൃത്വമെന്ന നിലയ്ക്ക് യോഗം ചേർന്നു വിലയിരുത്തൽ നടത്തിയത്.

സിപിഐയുടെ നിർവാഹക സമിതി ഇന്നു യോഗം ചേരും. കോൺഗ്രസിൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളുടെ യോഗങ്ങളാണു ചേർന്നത്. ലീഗ് മണ്ഡലങ്ങളിൽനിന്നു വിവരശേഖരണം നടത്തി. സിപിഎമ്മിന്റെ പട്ടികയിൽനിന്നു പുറത്തായ രണ്ടു സീറ്റുകൾ ഇരിക്കൂറും കണ്ണൂരുമാണ്. കൂത്തുപറമ്പും പേരാവൂരും ജയിക്കുമെന്നാണു കണക്കുകൂട്ടലെങ്കിലും രണ്ടിടത്തും ’ഫിഫ്റ്റി ഫിഫ്റ്റി’ സാധ്യതയാണു പാർട്ടി കാണുന്നത്. സിറ്റിങ് സീറ്റായ കൂത്തുപറമ്പിനേക്കാൾ ഉറപ്പ് സിപിഎമ്മിന് അഴീക്കോടിന്റെ കാര്യത്തിലുണ്ടെന്നതാണു കൗതുകകരം.

സിപിഐ നിർവാഹക സമിതി ചേരുന്നത് ഇന്നാണെങ്കിലും താഴേത്തട്ടിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 7–4 എന്ന കണക്കിലേക്കു പാർട്ടി എത്തിയത്. ഇരിക്കൂർ, കണ്ണൂർ, പേരാവൂർ, കൂത്തുപറമ്പ് അല്ലെങ്കിൽ അഴീക്കോട് എന്നിങ്ങനെയാണ് നഷ്ടമാകുന്ന നാലിന്റെ കണക്ക്. കോൺഗ്രസ് പട്ടികയിൽ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, കൂത്തുപറമ്പ്, അഴീക്കോട് എന്നീ സീറ്റുകളാണ്. ലീഗിന്റെ പട്ടികയും ഇങ്ങനെ തന്നെ. എന്നാൽ രണ്ടു കൂട്ടരും കയ്യിലുള്ള അഴീക്കോടിനേക്കാൾ ഉറച്ച പ്രതീക്ഷ വയ്ക്കുന്നതു കൂത്തുപറമ്പിലാണെന്നു മാത്രം.

കണ്ണൂരിൽ കുറഞ്ഞത് 8000 വോട്ടിനു ജയിക്കുമെന്നാണ് ഇന്നലെ നിയോജകമണ്ഡലം ഭാരവാഹികളും മേഖലാ കൺവീനർമാരും പങ്കെടുത്ത യോഗത്തിൽ പ്രകടിപ്പിച്ച ആത്മവിശ്വാസം. എൽഡിഎഫിനു സിറ്റിങ് സീറ്റായ കൂത്തുപറമ്പിലും യുഡിഎഫിന് സിറ്റിങ് സീറ്റായ അഴീക്കോട്ടും ഉറപ്പ് പറയാൻ കഴിയുന്നില്ല എന്നതാണ് എല്ലാ പാർട്ടികളുടെയും പ്രാഥമിക വിലയിരുത്തലിന്റെ ആകെത്തുക. എൽജെഡിയാണു കൂത്തുപറമ്പിൽ മത്സരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം നടത്തിയ വിലയിരുത്തലിൽ നേരിയ ഭൂരിപക്ഷത്തിനു ജയിക്കും എന്ന പ്രതീക്ഷയാണു പങ്കുവച്ചത്. എന്നാൽ കഴിഞ്ഞ തവണ കെ.കെ.ശൈലജ നേടിയ ഭൂരിപക്ഷത്തിലെത്തുമെന്ന ഉറപ്പ് അവർക്കുമില്ല.

നല്ല മത്സരം തന്നെ നടന്നുവെന്നു സമ്മതിക്കുന്നു. അഴീക്കോട്ട് ആദ്യഘട്ടത്തിൽ പിന്നോട്ടുപോയതിന്റെ ക്ഷീണവും സ്ഥാനാർഥിക്കെതിരായ ആരോപണങ്ങളും തിരിച്ചടിയായെങ്കിലും അവസാനം ഓടിയെത്താനായെന്നതാണു ലീഗിന്റെ വിലയിരുത്തൽ. പക്ഷേ അതു വിജയമുറപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ അവർക്കു കഴിയുന്നില്ല. അഴീക്കോട് പഞ്ചായത്തിൽ ലീഗിനുള്ളിലെ സംഘടനാ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിരുന്നില്ല. പള്ളിക്കുന്ന് മേഖലയിൽ കോൺഗ്രസിലെ ഒരു വിഭാഗവും ലീഗും തമ്മിൽ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല.

ആദ്യഘട്ടത്തിൽ മണ്ഡലത്തിലെവിടെയും കോൺഗ്രസിന്റെ സംഘടനാ സംവിധാനം സജീവമായില്ല തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഇതിന് അടിസ്ഥാനമായി പറയുന്നുണ്ട്. ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും, ഒരു വോട്ടിന് ജയിച്ചാലും ജയമാകുമല്ലോയെന്നുമാണ് വോട്ടെടുപ്പിനു തൊട്ടുപിന്നാലെ സ്ഥാനാർഥി കെ.എം.ഷാജി പ്രതികരിച്ചത്. രണ്ടു സീറ്റിൽ മത്സരിച്ച ലീഗിന് ഒന്നെങ്കിലും ലഭിക്കുക അഭിമാന പ്രശ്നമാണ്. ഒന്നിൽ മത്സരിച്ച എൽജെഡിക്കു വിജയം ജില്ലയിലെ നിലനിൽപിന്റെ പ്രശ്നവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com