ADVERTISEMENT

ഇരിട്ടി∙ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷനായി എത്തിയവർ തിരക്ക് കൂട്ടിയതും ചിലർ ടോക്കൺ തിരികെ നൽകാതെ മറ്റുള്ളവർക്ക് കൈമാറിയതും ഒച്ചപ്പാടിനിടയാക്കി. ഇന്നലെ പുലർച്ചെ 4 മുതൽ എത്തി കാത്തുനിന്നവർ 8 മണിക്ക് ടോക്കൺ കൊടുക്കാൻ ആരംഭിച്ചതോടെ തിരക്കു കൂട്ടിയതും തള്ളിക്കയറാൻ ശ്രമിച്ചതുമാണു ആദ്യ പ്രതിസന്ധി സൃഷ്ടിച്ചത്.

ടോക്കൺ ലഭിച്ചവരിൽ ചിലർ കുത്തിവയ്പിനു ശേഷം തിരിച്ചു കൊടുക്കാതെ പുറത്തു നിൽക്കുന്നവർക്കു കൈമാറിയതു മൂലം യഥാർഥത്തിൽ ടോക്കൺ ലഭിച്ചവർക്ക് വാക്സിനെടുക്കാനാവാതെ തിരിച്ചു പോകേണ്ടി വന്നതു പിന്നീട് കൂടുതൽ ബഹളത്തിലും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള കയ്യേറ്റ ശ്രമത്തിനും കാരണമായി. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഇന്നലെ 500 പേർക്ക് വാക്സിനേഷൻ നൽകുമെന്നും രാവിലെ 10 വരെ ടോക്കൺ നൽകുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ അറിയിപ്പ് ഉണ്ടായിരുന്നത്.

ടോക്കൺ കരസ്ഥമാക്കാൻ സ്ത്രീകൾ അടക്കം രാവിലെ 4 മുതൽ ആശുപത്രി പരിസരത്ത് എത്തി. 7 മണി ആയപ്പോഴേക്കും നൂറുകണക്കിനാളുകൾ ആയി. വന്നവർ നിരന്നു നിന്ന് ഒരു വരി രൂപപ്പെട്ടു എങ്കിലും ഇതിൽ ഉൾപ്പെടാതെ പലരും പലയിടങ്ങളിലായി കൂട്ടം കൂടി നിൽക്കുന്നതും കാണാമായിരുന്നു. ടോക്കൺ വിതരണം ആരംഭിച്ചതോടെ വരിയിൽ നിന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടി നിന്നവർ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങൾക്കിടയിയാക്കിയത്. വാക്കേറ്റവും ഉന്തും തള്ളും വരെയായി.

ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്ന് പ്രശ്നങ്ങൾ തണുപ്പിച്ച് 500 ടോക്കണുകൾ നൽകി വാക്സിനേഷനും തുടങ്ങി. ഉച്ചകഴിഞ്ഞപ്പോഴാണു അടുത്ത പ്രതിസന്ധി ഉണ്ടായത്. ടോക്കൺ ലഭിച്ച് വാക്സിനേഷൻ എടുത്തവർ ടോക്കണുകൾ മേശപ്പുറത്തു വക്കുന്നതായി കാണിച്ച് തിരിച്ചെടുത്തു കൊണ്ടുപോകുന്നത് റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്ന ജീവനക്കാർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലന്നു പറയുന്നു. തിരിച്ചു കൊണ്ടുപോയവർ ഇത്തരം ടോക്കണുകൾ പുറത്തു നിന്നവർക്കു കൈമാറി.

ഇതോടെ ‘500 ടോക്കൺ പ്രകാരമുള്ള വാക്സിനേഷൻ പൂർത്തിയാക്കിയപ്പോഴും നൂറോളം പേർ ടോക്കണുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു എന്നാണു പരാതി. ഇതോടെ വൻ ബഹളവുമായി. ടോക്കൺ എടുത്തു പുറത്ത് നിൽക്കുന്നവർ ഓഫിസിലേക്കു ഇരച്ചു കയറി പ്രതിഷേധിച്ചു. ഇരിട്ടി പൊലീസ് എത്തിയാണ് എല്ലാവരെയും സ്ഥലത്തുനിന്നും മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com