ഇടതു തേരോട്ടത്തിലും യുഡിഎഫിനെ പിടിച്ചു നിർത്തി പേരാവൂർ; ഹാട്രിക് നേട്ടവുമായി സണ്ണി ജോസഫ്
Mail This Article
ഇരിട്ടി∙ സംസ്ഥാനം മുഴുവൻ വീശിയടിച്ച ഇടതു തേരോട്ടത്തിലും യുഡിഎഫിനെ കൈവിടാതെ പേരാവൂർ. 3172 വോട്ടിന്റെ ഭൂരിപക്ഷവുമായി സണ്ണി ജോസഫ് ഹാട്രിക് നേട്ടം കരസ്ഥമാക്കിയപ്പോൾ യുഡിഎഫ് ക്യാംപുകളിൽ ആഹ്ലാദം. ഇടതു ക്യാംപുകളിൽ നിരാശ. എൽഡിഎഫിലെ കെ.വി.സക്കീർ ഹുസൈന് 63534 വോട്ടുകൾ ലഭിച്ചപ്പോൾ സണ്ണി ജോസഫിന് 66706 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തിയത്. അയ്യൻകുന്ന്, ആറളം, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ യുഡിഎഫിന് നൽകിയ മേൽക്കൈ ആണ് വിജയം ഉറപ്പാക്കിയത്. പായം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും എൽഡിഎഫിന് ഒപ്പം നിന്നു. ഇരിട്ടി നഗരസഭയിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല.
അയ്യൻകുന്നിൽ 3578, ആറളം 1849, കണിച്ചാർ 1070, കേളകം 754, കൊട്ടിയൂർ 1194 എന്നിങ്ങനെയാണ് യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം. പായം 2578, ഇരിട്ടി നഗരസഭ 176, മുഴക്കുന്ന് 1771, പേരാവൂർ 1048 എന്നിങ്ങനെയാണ് എൽഡിഎഫിന് കിട്ടിയ ഭൂരിപക്ഷം. തപാൽ വോട്ടുകൾ കൂട്ടാതെയാണു ഈ കണക്ക്. മണ്ഡലത്തിൽ ആകെ തപാൽ വോട്ടുകളുടെ കണക്കിൽ യുഡിഎഫിന് 303 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്.
മാറി മറിഞ്ഞ് ലീഡ്
വോട്ടെണ്ണലിൽ ലീഡ് നില മാറി മറിഞ്ഞു വന്നതും പേരാവൂരിൽ തുടക്കം മുതൽ ഇരു മുന്നണികളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഇടതു കോട്ടയായ പായം പഞ്ചായത്തിലാണ് ഒന്നു മുതൽ 22 വരെ ബൂത്തുകളും 12 ഓക്സിലറി ബൂത്തുകളും. ആദ്യ റൗണ്ട് വോട്ട് എണ്ണി കഴിഞ്ഞപ്പോൾ എൽഡിഎഫ് 1124 വോട്ട് ലീഡ് ലീഡ് പിടിച്ചു. ഇതോടെ എൽഡിഎഫ് ക്യാംപുകൾ ആവേശത്തിലായി. 3 –ാം റൗണ്ടിൽ എത്തിയപ്പോൾ യുഡിഎഫ് കോട്ടയായ അയ്യൻകുന്ന് പഞ്ചായത്തായി. ഇതോടെ സണ്ണി ജോസഫിന് ലീഡായി. തുടർന്ന് ഇരിട്ടി നഗരസഭ എത്തിയപ്പോൾ ലീഡ് യുഡിഎഫിന് കുറഞ്ഞു.
പ്രതീക്ഷിച്ച വോട്ട് കിട്ടാത്തതിന്റെ ആശങ്ക ഇവിടെ മുതൽ എൽഡിഎഫ് ക്യാംപുകളെ ബാധിച്ചു. തുടർന്ന് മുഴക്കുന്നിൽ മികച്ച മുന്നേറ്റം കിട്ടിയതോടെ എൽഡിഎഫ് വീണ്ടും പ്രതീക്ഷയിൽ ആയി. ആറളം എത്തിയപ്പോൾ വീണ്ടും യുഡിഎഫിനായി മുന്നേറ്റം.അയ്യൻകുന്നിലും ആറളത്തും യുഡിഎഫ് ക്യാംപുകൾ പ്രതീക്ഷിച്ച ഭൂരിപക്ഷം അവർക്ക് കിട്ടാത്തത് എൽഡിഎഫിൽ നേരിയ പ്രതീക്ഷ ഉയർത്തിയെങ്കിലും കണിച്ചാർ എണ്ണിക്കഴിയുമ്പോൾ സണ്ണി ജോസഫ് 1996 വോട്ടിന്റെ ലീഡ് ആയി. പേരാവൂർ കഴിഞ്ഞപ്പോൾ ലീഡിൽ കുറഞ്ഞെങ്കിലും കേളകം എത്തിയപ്പോൾ മുന്നേറ്റം ആയി.
യുഡിഎഫിന് ഉറച്ച പ്രതീക്ഷയുള്ള കൊട്ടിയൂർ എണ്ണും മുൻപ് തന്നെ ഭൂരിപക്ഷം കുറവാണെങ്കിലും തങ്ങൾ ജയിക്കും എന്ന ഉറപ്പിലേക്കു യുഡിഎഫ് എത്തി. എൽഡിഎഫ് ആകട്ടെ വിജയ പ്രതീക്ഷ കൈവിട്ട നിലയിലും. 11 റൗണ്ടായാണു പേരാവൂർ മണ്ഡലത്തിലെ വോട്ട് എണ്ണിയത്.
വോട്ടെണ്ണൽ നീണ്ടു
പേരാവൂർ നിയോജക മണ്ഡലത്തിലെ ഫല പ്രഖ്യാപനം അനന്തമായി നീണ്ടത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും വോട്ടെണ്ണൽ ചുമതലയിൽ ഉണ്ടായിരുന്നവരെയും അസ്വസ്ഥരാക്കി.11 വോട്ടിങ് യന്ത്രങ്ങൾ തകരാർ കാണിച്ചതാണ് പ്രശ്മായത്. 10 എണ്ണവും തകരാർ പരിഹരിച്ചെങ്കിലും 141 എ ബൂത്തിലെ വോട്ടിങ് യന്ത്രം ശരിയായില്ല. തുടർന്ന് വിവി പാറ്റ് വോട്ടുകളാണ് എണ്ണിയത്. ഇതിനിടയിൽ തപാൽ വോട്ടുകൾ ആദ്യം ശ്രദ്ധയിൽ പെടാതെ പോയ ഒരു കെട്ടും എണ്ണാനായി അവശേഷിച്ചിരുന്നു. അനുബന്ധമായി ഉണ്ടായ സാങ്കേതിക നടപടി ക്രമങ്ങൾ കൂടിയായപ്പോൾ ഫല പ്രഖ്യാപന സർട്ടിഫിക്കറ്റ് വരണാധികാരി കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക് കൈമാറിയപ്പോൾ 7 മണി കഴിഞ്ഞു.
ആഹ്ലാദം തിരതല്ലിറോസസ് വീട്
സണ്ണി ജോസഫിന്റെ ഹാട്രിക് വിജയം യുഡിഎഫ് പ്രവർത്തകർക്ക് എന്ന പോലെ കുടുംബാംഗങ്ങൾക്കും ആഹ്ലാദവേളയായി. സണ്ണി ജോസഫിന്റെ കടത്തുംകടവിലെ റോസസ് വീട്ടിൽ ഭാര്യ എൽസിയും മക്കളായ ആഷ റോസും അഞ്ചു റോസും അവരുടെ ഭർത്താക്കന്മാരായ പ്രകാശ് മാത്യുവും സാൻസ് ബൗസ്‌ലിയും കുഞ്ഞുമക്കളായ നോറ അന്നയും കേയ്റ എൽസയും ഇസബെൽ മരിയയും ഹെയ്സൽ എൽസയും ടിവിക്കു മുന്നിൽ കണ്ണും നട്ട് ഇരിപ്പുണ്ടായിരുന്നു. വിജയിച്ച് വീട്ടിലെത്തിയ സണ്ണി ജോസഫിനെ പൂച്ചെണ്ടും ഖദർ ഷാളും നൽകി കുടുംബാംഗങ്ങൾ സ്വീകരിച്ചു. വീട്ടുകാർ തയാറാക്കിയ കേക്കും സണ്ണി ജോസഫ് മുറിച്ചു. എക്സിറ്റ് പോൾ പ്രവചനങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുപ്പ് രംഗത്തെ സമ്മർദങ്ങൾ അതിജീവിക്കാൻ കുടുംബാംഗങ്ങൾ നൽകിയ പിന്തുണ ശക്തിയായതായി സണ്ണി ജോസഫ് പറഞ്ഞു.
പൊലീസ് ഒരുക്കിയത് അതീവ സുരക്ഷ
വോട്ടെണ്ണലിനോടനുബന്ധിച്ചു പൊലീസ് ഒരുക്കിയത് അതീവ സുരക്ഷ. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം വോട്ടെണ്ണൽ കേന്ദ്രത്തിൽ ക്യാംപ് ചെയ്തപ്പോൾ ഇരിട്ടി, പേരാവൂർ സബ് ഡിവിഷനുകളിലായി 750 പൊലീസുകാരാണ് സുരക്ഷയ്ക്കായി അണിനിരന്നത്. കോവിഡ് വ്യാപന സാഹചര്യവും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലവും എന്ന നിലയിലാണ് കനത്ത ജാഗ്രത പാലിച്ചത്. നേരിയ പ്രശ്നം പോലും ഇല്ലാതെ വോട്ടെണ്ണൽ പൂർത്തിയാക്കാനായത് പൊലീസിനും ആശ്വാസമായി.