അമിത വേഗവും പെട്ടെന്നുള്ള തിരിക്കലും; ഡിവൈഡറിൽ കയറി വട്ടം കറങ്ങി മറിഞ്ഞു,ദുരന്തത്തിന്റെ ഓർമയിൽ ഓട്ടം
Mail This Article
ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ആയിരുന്നതുകൊണ്ട് ഇന്നലെ ബൈപ്പാസിൽ വാഹനത്തിരക്ക് ഉണ്ടായിരുന്നില്ല. അമിത വേഗത്തിലായിരുന്നു ടാങ്കർ ലോറി വന്നത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈപാസ് ജംക്‌ഷനിൽ എത്തിയ ലോറിയിലെ ഡ്രൈവർക്ക് കൂത്തുപറമ്പ് സംസ്ഥാനപാത, തലശ്ശേരി ഭാഗത്തേക്കുള്ള ബൈപ്പാസ് എന്നിങ്ങനെ രണ്ട് റോഡ് കണ്ടപ്പോൾ ആശയക്കുഴപ്പമായി.
സംസ്ഥാനപാതയിലേക്കു കയറാൻ ശ്രമിച്ചതോടെ വഴി തെറ്റിയതായി മനസ്സിലാക്കി തലശ്ശേരി ഭാഗത്തേക്കു ലോറി തിരിച്ചു. അമിത വേഗവും പെട്ടെന്നുള്ള തിരിക്കലുമായതോടെ നിയന്ത്രണം വിട്ടു. ഡിവൈഡറിൽ കയറിയശേഷം വട്ടം കറങ്ങിയ ലോറി, ഡ്രൈവറുടെ എതിർവശത്തേക്കു മറിഞ്ഞു. ജംക്‌ഷനിൽ മറ്റു വാഹനങ്ങളൊന്നും ഈ സമയത്തുണ്ടായിരുന്നില്ല.
രക്ഷാപ്രവർത്തനത്തിൽ മുഴുകി നാട്ടുകാർ
ടാങ്കർ മറിഞ്ഞു പാചക വാതകം ചോരുന്നു എന്നു കേട്ടപ്പോൾ ആദ്യം തന്നെ സ്ത്രീകളെയും കൂട്ടികളെയും വയോധികരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തുടർന്ന് തിരിച്ചെത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുകയാണു നാട്ടുകാർ ചെയ്തത്. അപകടമറിഞ്ഞപ്പോൾ തന്നെ അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരെ വിവരം ധരിപ്പിച്ചതും ഇവർക്കു വേണ്ട എല്ലാ സഹായവും ചെയ്തതും നാട്ടുകാരാണ്. ടാങ്കറിന്റെ ചോർച്ചയുള്ള വാൽവുകൾ മണ്ണിട്ട് മൂടി വെള്ളം ചീറ്റണമെന്ന വിദഗ്ധ അഭിപ്രായം ഉണ്ടായപ്പോൾ ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടുവരാൻ നെട്ടോട്ടമോടിയതു നാട്ടുകാരാണ്. 15 മിനിറ്റ്കൊണ്ട് മൂന്ന് ലോറികളിൽ മണ്ണ് എത്തി.
എൻജിൻ പ്രവർത്തിക്കുന്ന ലോറി ചോർച്ചയുള്ള ടാങ്കറിന്റെ അടുത്ത് കൊണ്ടുവരരുത് എന്ന് പൊലീസ് പറഞ്ഞപ്പോൾ ലോറികളുടെ എൻജിൻ ഓഫാക്കി തള്ളിക്കൊണ്ടുവന്നതും നാട്ടുകാരാണ്. പിന്നീട് മണ്ണിറക്കി കൂട്ടകളിലും ചാക്കിലുമായി ചുമന്ന്, ചോർച്ചയുള്ള ടാങ്കറിന്റെ അടുത്തേക്ക്. വാതക മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ എത്തുന്നതു വരെ മൂന്ന് മണിക്കൂറോളം അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനും സഹായമായി നാട്ടുകാർ നിലകൊണ്ടു.
ദുരന്തത്തിന്റെ ഓർമയിൽ ഓട്ടം
ബൈപാസ് ജംക‌്ഷനിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു എന്ന് കേട്ടപ്പോൾ തന്നെ ചാലയിലെ ജനങ്ങൾ കുടുംബത്തോടൊപ്പം കൈയ്യിൽ കിട്ടിയ സാധനങ്ങളുമായി സുരക്ഷിത സ്ഥാനങ്ങളിലേക്കു പരക്കം പായുകയായിരുന്നു. വീട്ടിൽ നിന്ന് ധരിച്ച വസ്ത്രം മാത്രമായാണു പലരും കുട്ടികളെ എടുത്തും വയോധികരെ താങ്ങിപ്പിടിച്ചും ദൂരേക്കു പാഞ്ഞത്.
2012 ലെ പാചക വാതക ടാങ്കർ അപകടത്തിൽ തങ്ങളുടെ ബന്ധുക്കളും സമീപ വാസികളുമായ 20 പേർ പൊള്ളലേറ്റു മരിച്ച ഓർമകളുടെ ഭീതിയായിരുന്നു ഈ പരക്കം പാച്ചിലിനു പിന്നിൽ. ബൈപാസ് ജംക്ഷനു സമീപത്തുള്ള ചാല 12 കണ്ടിയിലുള്ളവർ തോട്ടട, അമ്മൂപറമ്പ് ഭാഗത്തേക്കും ചാല പടിഞ്ഞാറേക്കരയിലുള്ളവർ ആറ്റടപ്പ ഭാഗത്തേക്കും ഒഴിഞ്ഞുപോയി. ചാല കിഴക്കേക്കര ഭാഗത്തുള്ളവർ പനോന്നേരി ഭാഗത്തേക്കും മാറി.
2012 ൽ രാത്രി 10.50 ന് ടാങ്കർ ലോറി മറിഞ്ഞപ്പോൾ ലോറിയിലെ ഡ്രൈവർ തന്നെയാണ് സമീപത്തുള്ള വീടുകളിൽ ചെന്ന് ആളുകളോട് ഒഴിഞ്ഞു പോകാൻ പറഞ്ഞത്. അന്ന് ജനം ഓടി രക്ഷപ്പെടുന്നതിനിടയിലാണു ടാങ്കർ പൊട്ടിത്തെറിച്ച് 20 പേർ മരിച്ചതും ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റതും. പത്തോളം വീടുകളും കെട്ടിടങ്ങളും തകർന്നിരുന്നു. ഇത്തവണ ആളുകൾ അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞു സ്വയമൊഴിയുകയായിരുന്നു.
അന്ന്, ഒന്നാം ഓണത്തിന്റെ തലേന്നെത്തിയ ദുരന്തം
ഒൻപത് വർഷം മുൻപ്, 2012ലെ ഒന്നാം ഓണത്തിന്റെ തലേന്നാണു ചാല ബൈപാസിൽ ടാങ്കർ ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു പൊട്ടിത്തെറിക്കുന്നത്. അപകടത്തിൽപെട്ട ലോറിയുടെ ഡ്രൈവറിൽനിന്നു വിവരമറിഞ്ഞു വിവിധ ഭാഗങ്ങളിലേക്ക് ഓടുന്നതിനിടയിലാണു നിമിഷങ്ങളുടെ വ്യത്യാസത്തിൽ 3 സ്ഫോടനങ്ങൾ നടന്നത്. സംഭവ സ്ഥലത്തും തുടർ ദിവസങ്ങളിൽ ആശുപത്രിയിലുമായി 20 പേർ മരിച്ചു.
ഒട്ടേറെപ്പേർക്കു പൊള്ളലേറ്റു. വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നു. മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്കു വീതം സർക്കാർ ജോലി നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും ആർക്കും ജോലി ലഭിച്ചില്ല. നഷ്ടപരിഹാരത്തുക ഉയർത്താനുള്ള ആശ്രിതരുടെ ഹർജി കോടതിയിലാണ്.
അപകട ഭീഷണി
ചാല ബൈപാസ് യാഥാർഥ്യമായതു മുതൽ അപകട ഭീഷണിയും കൂടെയുണ്ട്. ബൈപാസ് ജംക്ഷൻ മുതൽ ചാല ക്ഷേത്രം സ്റ്റോപ്പ് വരെ സ്ഥാപിച്ച ഡിവൈഡറുകൾ അശാസ്ത്രീയമായ രീതിയിലാണു നിർമിച്ചതെന്നു പരാതി ഉയർന്നിരുന്നു. ജംക്‌ഷനിൽ നിന്ന് നടാൽ ബൈപാസിലേക്കു വലിയ വാഹനങ്ങൾ വളയുമ്പോൾ നിയന്ത്രണം തെറ്റുന്നു എന്ന പരാതിയുമുണ്ട്.
ജംക്‌ഷനിൽ നിന്നു കൂത്തുപറമ്പ് ഭാഗത്തേക്കും തലശ്ശേരി ഭാഗത്തേക്കും തിരിയുന്നിടത്തും ആശയക്കുഴപ്പമുണ്ട്. ഇവിടെ വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള നിയന്ത്രണം വേണമെന്ന നിവേദനങ്ങൾ അധികൃതർക്കു നാട്ടുകാർ നൽകിയിരുന്നു. രാത്രി സമയങ്ങളിൽ ഡിവൈഡർ തിരിച്ചറിയാൻ പറ്റാത്ത സാഹചര്യവും ഉണ്ട്.