കിണറ്റിനുള്ളിൽ വീണ കുറുനരിക്ക് മൂന്നാം ദിവസം മോചനം; കിണറിന്റെ പകുതിയോളമിറങ്ങി കുരുക്കിൽപ്പെടുത്തി പുറത്തെത്തിച്ചു
Mail This Article
തളിപ്പറമ്പ്∙ ഉപയോഗ ശൂന്യമായ കിണറ്റിനുള്ളിൽ വീണ കുറുനരിക്ക് മൂന്നാം ദിവസം വന്യജീവി സംരക്ഷകരുടെ ഇടപെടലിൽ മോചനം. ആലക്കോട് അരങ്ങം കണ്ണാടിപ്പാറ ബസ് സ്റ്റോപ്പിന് സമീപം ചെട്ടിയവീട്ടിൽ ശ്രീകുമാറിന്റെ വീട്ടുപറമ്പിലെ കിണറിലാണ് ഇന്ത്യൻ ജാക്കൽ എന്നറിയപ്പെടുന്ന കുറുനരി 3 ദിവസങ്ങൾക്ക് മുൻപ് വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നുള്ള വൈൽഡ് ലൈഫ് റസ്ക്യൂവേഴ്സ് ഫോറം പ്രവർത്തകരായ വിജയ് നീലകണ്ഠൻ, രഗിനേഷ് മുണ്ടേരി, മനോജ് കാവനാട്, ഷൈജൻ എന്നിവരെത്തിയാണ് കുറുനരിയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കിണറിൽ നിന്ന് കുറുനരി ഓരിയിടുന്നത് കേട്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. ഇവർ അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള സംഘം എത്തി ഇതിനെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കിണറിനുള്ളിലെ ഗുഹയിൽ ഒളിച്ചതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്നു ശ്രീകുമാർ കോഴിയിറച്ചിയുടെ ഭാഗങ്ങളും മറ്റും വാങ്ങി കൊണ്ടുവന്ന് കിണറിൽ ഇട്ട് കുറുനരിക്ക് ഭക്ഷണമായി നൽകി.
ഇന്നലെ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനെ പിടികൂടാനുള്ള ഉപകരണങ്ങളുമായി എത്തി രഗിനേഷ് മുണ്ടേരി കിണറിന്റെ പകുതിയോളമിറങ്ങി കുറുനരിയെ കുരുക്കിൽപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിയ കുറുനരി അൽപദൂരം ഓടിയ ശേഷം തിരിഞ്ഞ് രക്ഷാപ്രവർത്തകരെ നോക്കി പ്രത്യേക ശബ്ദമുണ്ടാക്കിയ ശേഷം ഓടിമറഞ്ഞത് നാട്ടുകാർക്കും കൗതുകമായി. കണ്ടാൽ കുറുക്കനെന്ന് തോന്നുമെങ്കിലും വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 ൽ പാർട്ട് 2 ൽ ഉൾപ്പെടുന്ന കുറുനരിയെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.