അഴീക്കൽ തുറമുഖം രാജ്യാന്തര നിലവാരത്തിലാക്കും: മന്ത്രി
Mail This Article
അഴീക്കൽ ∙ മത്സ്യബന്ധന തുറമുഖത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. തുറമുഖം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്ത് ലഭ്യമായ ഏഴര ഹെക്ടർ ഭൂമിയിൽ മാസ്റ്റർ പ്ലാൻ തയാറാക്കി വികസന പദ്ധതികൾക്കു രൂപം നൽകാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. തുറമുഖത്തെ വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ.വി.സുമേഷ് എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
ഫിഷറീസ് സ്‌കൂൾ, നെറ്റ് ഫാക്ടറി എന്നിവയും സന്ദർശിച്ചു. കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സംരംഭങ്ങൾ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. മത്സ്യങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള സംരംഭങ്ങളാണ് പരിഗണിക്കുന്നത്. നിലവിലുള്ള ഒരു കെട്ടിടം നവീകരിക്കുകയും മറ്റൊന്ന് പൊളിച്ചുമാറ്റി പുതിയതു പണിയുകയും ചെയ്യും. ഐസ് പ്ലാന്റും നിർമിക്കും. വാർഫിന്റെ കേടുവന്ന ഭാഗങ്ങൾ നവീകരിക്കും.
പുതിയ വാർഫ് നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഫിഷറീസ് സ്‌കൂളിലെ വിദ്യാർഥികൾക്കായി സ്റ്റേഡിയം നിർമിച്ചു നൽകും. തുറമുഖത്ത് വിശ്രമ കേന്ദ്രം, പാർക്ക്, മികച്ച ശുചിമുറികൾ, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ്, ഹാർബർ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയർ ജോമോൻ കെ.ജോർജ്, സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത്, എക്‌സിക്യൂട്ടിവ് എൻജിനീയർ ടി.വി.ബാലകൃഷ്ണൻ, അഡാക് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.കെ.ഷൈനി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.